1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2023

സ്വന്തം ലേഖകൻ: തൊഴില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാഘടനയില്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയംസമൂലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ സ്ഥാപനങ്ങളുടെ വിഭാഗമനുസരിച്ച് 60 ശതമാനം മുതല്‍ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്. ആകെ ജീവനക്കാരുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ വിഭാഗങ്ങള്‍ നിര്‍ണയിക്കുന്നത്.

അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സൗദി തൊഴില്‍മന്ത്രാലയ വര്‍ഗീകരണമനുസരിച്ച് എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. 21 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലും 20 അല്ലെങ്കില്‍ അതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ വരിക.

സൗദിവല്‍ക്കരണ ക്വാട്ടകള്‍ പാലിക്കാതിരിക്കുകയോ സൗദികള്‍ക്ക് സംവരണം ചെയ്ത തസ്തികയില്‍ വിദേശികളെ നിയമിക്കുകെ ചെയ്യുന്നതിനുള്ള പിഴകള്‍ പരിഷ്‌കരിച്ചു. കാറ്റഗറി എ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഈ നിയമലംഘനത്തിന് 8,000 റിയാലാണ് ഈടാക്കുക. കാറ്റഗറി ബിയില്‍ ഈ പിഴ 4,000 റിയാലും കാറ്റഗറി സിയില്‍ 2,000 റിയാലുമായിരിക്കും.

തൊഴിലാളികളുടെ സംരക്ഷണം, സുരക്ഷ, തൊഴില്‍പരമായ ആരോഗ്യം എന്നിവ പാലിക്കാത്തതുമായി ബന്ധപ്പെട്ട പിഴകള്‍ പരിഷ്‌കരിച്ചു. എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് പിഴ 10,000 റിയാലായിരുന്നത് 5,000 റിയാലായി കുറച്ചു. കാറ്റഗറി ബി 5,000 ആയിരുന്നത് 2,500 ആയും കാറ്റഗറി സി 2,500 ല്‍ നിന്ന് 1,500 ആയും കുറച്ചിട്ടുണ്ട്.

തൊഴിലിടങ്ങളില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒരുക്കാത്തതുമായി ബന്ധപ്പെട്ട പിഴകള്‍ പുനഃക്രമീകരിച്ചു. എ കാറ്റഗറി പിഴ 5000ല്‍ നിന്ന് 1000 റിയാലാക്കി. കാറ്റഗറി ബി 2,000 ആയിരുന്നത് പരമാവധി 500 വരെയും കാറ്റഗറി സി 1,000 ആയിരുന്നത് 300 വരെയും ആയി നിജപ്പെടുത്തി.

ആവശ്യമായ സുരക്ഷാ നടപടികളില്ലാതെ കടുത്ത വേനല്‍ പോലുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യിച്ചാല്‍ മൂന്ന് വിഭാഗങ്ങളിലും 1,000 റിയാലായിരിക്കും പിഴ. ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കുള്ള പിഴയും കുറയും. എ കാറ്റഗറിയില്‍ 1,000 റിയാലും ബി കാറ്റഗറിയില്‍ 500 റിയാലും സി കാറ്റഗറിയില്‍ 300 റിയാലുമാണ് ഇനി ചുമത്തുക.

പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് നിയമിക്കുന്നതിനുള്ള പിഴയില്‍ വമ്പിച്ച കുറവാണ് വരുത്തിയത്. എ വിഭാഗത്തിന് ഇത് 2,000 റിയാലാക്കി. പ്രസവശേഷം ആറാഴ്ചയ്ക്കുള്ളില്‍ സ്ത്രീകളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 1,000 റിയാല്‍ പിഴ ചുമത്തും.

സൗദികള്‍ക്ക് നീക്കിവച്ച ജോലികളില്‍ വിദേശികളെ നിയമിക്കല്‍: ഈ നിയമം ലംഘിക്കുന്ന എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് 1,000 റിയാലായിരിക്കും പിഴ. ബി, സി വിഭാഗങ്ങള്‍ക്ക് യഥാക്രമം 5,000, 2,500 റിയാലും. മന്ത്രാലയത്തിന് തെറ്റായി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ 20,000 റിയാല്‍ പിഴ ചുമത്തിയിരുന്നത് 3,000 ആക്കി.

വിവേചനപരമായ നിയമനരീതികള്‍ക്കുള്ള പിഴ വെട്ടിച്ചുരുക്കി. കാറ്റഗറി എയക്ക് 3,000 റിയാല്‍. കാറ്റഗറി ബിക്ക് 2,000. കാറ്റഗറി സി 1,000. നിശ്ചിത സമയപരിധിക്കുള്ളില്‍ സൗദി കറന്‍സിയില്‍ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 300 റിയാല്‍ പിഴ ഈടാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.