
സ്വന്തം ലേഖകൻ: വേതന സംരക്ഷണ പദ്ധതിയുടെ പതിനേഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടപ്പാക്കുന്നതിന് ആരംഭം കുറിച്ചതായി സൌദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നുമുതൽ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങൾക്കാണ് ഡിസംബർ 1 ആരംഭിക്കുന്ന പദ്ധതി ബാധകമാകുക.
എല്ലാ സ്ഥാപനങ്ങളും വേതന സംരക്ഷണ പരിപാടി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പിഴ ഒഴിവാക്കുന്നതിന് പ്രതിമാസം വേതന വിവരങ്ങൾ ഫയൽ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം ഓർമിപ്പിച്ചു. പദ്ധതി ലക്ഷ്യങ്ങൾ കാണുന്നതിനും വിവരങ്ങളും നടപടിക്രമങ്ങളും മനസിലാക്കുന്നതിനും മന്ത്രാലയത്തിന്റെ മുദാദ് പോർട്ടൽ https://mudad.com.sa സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ ശമ്പളം പൂർണമായും ബാങ്ക് അകൗണ്ട് വഴിയാക്കുക, വേതനം നൽകുന്നതിൽ കാലതാമസം വരുത്താതിരിക്കുക എന്നിവയാണ് വിവിധ ഘട്ടങ്ങളിൽ നടപ്പാക്കിയ വേതന സരംക്ഷണ നിയമത്തിലെ പ്രധാന നിബന്ധനകൾ. വലിയ സ്ഥാപങ്ങളിലെ വേതന നിയമങ്ങൾ നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും നാലു വരെ തൊഴിലാളികൾക്കുള്ള ചെറിയ സ്ഥാപനങ്ങളിൽ ഇന്നു മുതലാണ് നിയമം പ്രാപല്യത്തിൽ വരുക.
മൂന്നുമാസം തുടർച്ചയായി ശമ്പളം ലഭിച്ചില്ലെങ്കിൽ തൊഴിലാളിക്ക് സ്വയം സ്‌പോൺസർഷിപ് മാറാനുള്ള അവകാശങ്ങൾ ഉൾപ്പെടെ നൽകിക്കൊണ്ടുള്ള തൊഴിൽ പരിഷ്‌കാരം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വേതന സംരക്ഷണ നിയമം മുഴുവൻ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല