സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്താൻ നീക്കം. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്.
ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് പിഴ തുകയിൽ മാറ്റം വരുത്തിയത്. തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങൾക്ക് എ കാറ്റഗറിയിൽപ്പെട്ട സ്ഥാപനങ്ങളുടെ പിഴ 10,000 ൽ നിന്ന് 5,000 റിയാലായും ആയും, ബി കാറ്റഗറി സ്ഥാപനങ്ങൾക്ക് 5,000 ൽ നിന്ന് 2500 റിയാലായും, സി കാറ്റഗറി സ്ഥാപനങ്ങൾക്ക് 2500 ൽ നിന്ന് 1500 റിയാലായും കുറച്ചു.
തൊഴിലാളികൾ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്ന കുറ്റത്തിന് എ, ബി, സി കാറ്റഗറികളിലുള്ള സ്ഥാപനങ്ങൾക്ക് യഥാക്രമം 5000 ൽനിന്ന് 1000 റിയാലായും, 2000 ൽ നിന്ന് 500 റിയാലായും, 3000 ൽ നിന്ന് 300 റിയാലുമായാണ് കുറച്ചത്. തൊഴിലാളികൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാത്ത കുറ്റത്തിനുള്ള പിഴ എല്ലാ വിഭാഗത്തിനും 3000 ൽ നിന്ന് 1000 റിയാലായും കുറച്ചു.
തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ എ, ബി, സി വിഭാഗങ്ങൾക്ക് യഥാക്രമം 10,000 ൽ നിന്ന് 1,000 മായും, 5,000 ൽ നിന്ന് 500 ആയും, 3000 ൽ നിന്ന് 300 ആയുമാണ് കുറച്ചത്. ബാലവേല ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 20,000 ൽ നിന്ന് 2000 റിയാലാക്കി കുറച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിലെ എല്ലാ നിയമലംഘനങ്ങൾക്കും നേരത്തെ നിശ്ചയിച്ചിരുന്ന പിഴ തുകയിൽ വൻ കുറവാണ് മന്ത്രാലയം വരുത്തിയത്.
പിഴ സംബന്ധിച്ച് മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാൽ 60 ദിവസത്തിനകം തൊഴിലുടമ പിഴയടക്കുകയോ അപ്പീൽ സമർപ്പിക്കുകയോ വേണം. നിശ്ചിത സമയത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പ്രസിദ്ധീരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല