സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഗതാഗത ലോജിസ്റ്റിക് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. 28ഓളം തൊഴിലുകളിൽ നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കും. ഇതുവഴി 23,000 തൊഴിലുകളാണ് സൗദികൾക്ക് ലഭ്യമാവുക.
ലോജിസ്റ്റിക് വ്യവസായത്തിൽ സൗദി പൗരന്മാരുടെ സംഭാവന വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ സൗദിയെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ഇതിലൂടെ സാധിക്കും. മൂന്നാമത് ഖാസിം യൂത്ത് എംപവർമെന്റ് ഫോറത്തിൽ വെച്ച് ഗതാഗത സഹമന്ത്രി അഹമ്മദ് ബിൻ സുഫ്യാൻ അൽ-ഹസ്സനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിൽ പൗരന്മാരുടെ പ്രാതിനിത്യം വർധിപ്പിക്കാൻ നിരവധി സംരംഭങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. സൗദി ലോജിസ്റ്റിക്സ് അക്കാദമിയും സൗദി റെയിൽവേ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഇതിൽ പ്രധാനപ്പെട്ടതാണ്. 450 പേർ നിലവിൽ ലോജിസ്റ്റിക്സ് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി. മേഖലയിലെ 23,000 ജോലികൾ സൗദി പൗരന്മാർക്ക് ലഭ്യമാക്കും.
സൗദി റെയിൽവേ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിൻ ഓടിക്കൽ, അറ്റകുറ്റപ്പണികൾ, സിഗ്നലുകളുടെ നിയന്ത്രണം എന്നിവയിൽ പൗരന്മാർക്ക് പരിശീലനം നൽകുന്നുണ്ട്. മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല