സ്വന്തം ലേഖകൻ: വെൻഡിങ് മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ വിൽക്കാൻ സൗദി ഊർജ മന്ത്രാലയം ലൈസൻസ് അനുവദിച്ചു തുടങ്ങി. ലിക്വിഡ് പെട്രോളിയം ഗ്യാസ് സിലിണ്ടറുകൾ വെൻഡിങ് മെഷീനുകൾ വഴി വിതരണം ചെയ്യാനുള്ള പ്രവർത്തനത്തിനാണ് അനുമതി. പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാതക വിതരണ സംവിധാനങ്ങൾ കൂടുതൽ ലളിതവും എളുപ്പവുമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അതോടൊപ്പം ലിക്വിഡ് പെട്രോളിയം വാതക പ്രവർത്തനങ്ങളിലെ കുത്തക നിർത്തലാക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്.
സേവനങ്ങളുടെ നിലവാരം നവീകരിക്കുക, ഗ്യാസ് വിതരണത്തിന്റെ ലഭ്യതയും സുരക്ഷയും ഉറപ്പുവരുത്തുക, സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ളവരുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനത്തിനുള്ള മാനദണ്ഡങ്ങളുടെ നിലവാരം ഉയർത്തുക, സാങ്കേതികവിദ്യ സ്വദേശിവത്കരിക്കുക, ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും (ആക്സസറികളും) വിൽക്കാനുള്ള ഔട്ട്ലെറ്റുകൾ വൈവിധ്യവത്കരിക്കുക.
വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെ സുരക്ഷയും സുരക്ഷ ആവശ്യകതയും പാലിക്കുകയും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക, ലിക്വിഡ് പെട്രോളിയം വാതക പ്രവർത്തനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയും ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. വാതകങ്ങൾ നിശ്ചിത സ്ഥലത്ത് എത്തിക്കാനും ബോട്ടിലിങ്, സ്റ്റോറേജ് സൗകര്യം ഒരുക്കാനും മെഷീനുകൾ സ്ഥാപിക്കാനും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന യോഗ്യരായ കമ്പനികളിൽനിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
ഗ്യാസ് സ്റ്റേഷനുകളിലും വലിയ റീട്ടെയിൽ മാർക്കറ്റുകളിലും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. മുഴുസമയം ഉപഭോക്താക്കൾക്ക് സേവനം നൽകും. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ളതായിരിക്കും മെഷീനുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല