സ്വന്തം ലേഖകൻ: സൗദിയില്‍ രാജ കുടുംബത്തിലെ മൂന്ന് പ്രമുഖരെ അറസ്റ്റ് ചെയ്തു. സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജാവ് സല്‍മാന്റെ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ ഏറെ ജനകീയനായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും അറസ്റ്റിലായിട്ടുണ്ട്. അധികാര വടംവലിയുടെ ഭാഗമാണ് അറസ്റ്റ് എന്നാണ് കരുതുന്നത്.
സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരാണ് അറസ്റ്റിലായരില്‍ പ്രമുഖര്‍. രാജ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വെള്ളിയാഴ്ച രാവിലെയാണ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിരീടവകാശിയായി നിയമിക്കപ്പെടുമെന്ന് കരുതിയിരുന്ന രാജകുമാരനാണ് മുഹമ്മദ് ബിന്‍ നായിഫ്.
രാജാവിനെയും കിരീടവകാശിയെയും പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഒരു പക്ഷേ, ജീവപര്യന്തം തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന കേസാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് രാജകുമാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി ഭരണകൂടം ഔദ്യോഗികമായി അറസ്റ്റിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പണ്ഡിതന്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. 2017ല്‍ സൗദിയിലെ പ്രമുഖരായ വ്യവസായികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതും വന്‍ വാര്‍ത്തയായിരുന്നു. അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. അഴിമതി പണം ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
70 പിന്നിട്ട അഹമ്മദ് രാജകുമാരന്‍ 2018ലാണ് സൗദിയില്‍ തിരിച്ചെത്തിയത്. അദ്ദേഹം ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. സൗദി അറേബ്യ യമനില്‍ ഇടപെടുന്നതിനെ നേരത്തെ ചോദ്യം ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. സൗദി രാജാവിനെയും കീരിടവകാശിയെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ അഹമ്മദ് രാജകുമാരന്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
“രാജകുമാരന്‍ മുഹമ്മദ് അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണ്. ഇപ്പോഴത്തെ നടപടി അദ്ദേഹത്തിന്റെ ശക്തിപ്രകടമാക്കാന്‍ വേണ്ടിയും രാജകുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സന്ദേശവുമാണ്,” എന്നാണ് യു.എസ് നയതന്ത്രജ്ഞ ഉദ്യോഗസ്ഥയായ ബെക്കാ വാസര്‍ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല