സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചു കമ്പനികൾ. നിർമാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയിലെ വർധനയാണു വില വർധിപ്പിക്കാൻ കാരണമെന്ന് അൽ മറായി ഡയറി കമ്പനി വെളിപ്പെടുത്തി.
പാൽ കമ്പനികളുടെ മറ്റ് ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഉൽപ്പാദനച്ചിലവും തീറ്റവിലയും ഷിപ്പിങ് ചെലവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായി വർധിച്ചു. ഈ യാഥാർഥ്യം ഈ വില വർധനയുടെ ചെലവ് ഭാഗികമായി നികത്താൻ തിരഞ്ഞെടുത്ത ഏതാനും പാലുൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കോർപ്പറേഷനെ നിർബന്ധിതരാക്കിയതായി കമ്പനി പ്രതികരിച്ചു.
അതിനിടെ പ്രവാസികളുടെ എക്സിറ്റ് റീ എൻട്രി പുതുക്കുന്നതിനുള്ള ഫീസ് സൗദി ഇരട്ടിയാക്കി. പരമാവധി രണ്ടു മാസ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എൻട്രി വീസാ ഫീസ് ആയി 200 റിയാലും പ്രവാസി സൗദി അറേബ്യക്കകത്താണെങ്കിൽ റീ-എൻട്രിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 100 റിയാൽ അധിക ഫീസും നൽകണം.
വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ റീ-എൻട്രി ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും ഇരട്ടി ഫീസ് (200 റിയാൽ) തോതിൽ നൽകണം. മൂന്നു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ യാത്രാ റീ-എൻട്രിക്ക് 500 റിയാലാണ് ഫീസ്.
വിദേശി സൗദി അറേബ്യക്കകത്താണെങ്കിൽ മൾട്ടിപ്പിൾ റീ-എൻട്രി കാലാവധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 200 റിയാൽ തോതിൽ അധിക ഫീസ് നൽകണം. മൾട്ടിപ്പിൾ റീ-എൻട്രി വീസ ദീർഘിപ്പിക്കുന്ന സമയത്ത് വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 400 റിയാൽ തോതിൽ ഫീസ് നൽകേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല