സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും. വേതന സുരക്ഷാ പദ്ധതിയുടെ ഒന്‍പതാം ഘട്ടമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും നിശ്ചിത തീയതിയില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ വിവരങ്ങള്‍ എല്ലാ മാസവും തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിക്കണം.
ശമ്പളം നല്‍കാന്‍ വൈകുന്ന സ്ഥാപനങ്ങളുടെ മേല്‍ മന്ത്രാലയം നടപടി സ്വീകരിക്കും. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന്റെ ഉടമ ഓരോ തൊഴിലാളികളുടെയും പേരില്‍ 3000 റിയാല്‍ പിഴയടയ്ക്കണം.
ശമ്പളം നല്‍കാന്‍ രണ്ടു മാസം വൈകിയാല്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കും.
ശമ്പളം നല്‍കാന്‍ മൂന്നു മാസം താമസിക്കുന്നപക്ഷം തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകും. പദ്ധതിയുടെ 10 മുതല്‍ 16 വരെയുള്ള ഘട്ടങ്ങള്‍ക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടക്കമാകും. 11 മുതല്‍ 99 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ആ ഘട്ടങ്ങളില്‍ പദ്ധതി നടപ്പാക്കുക.
2017 സെപ്റ്റംബറോടെ രാജ്യത്ത് വേതനസുരക്ഷാ പദ്ധതി പൂര്‍ത്തിയാക്കും.
അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിന് 80 മുതല്‍ 99 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ പദ്ധതിയുടെ പത്താം ഘട്ടം നടപ്പാക്കും. 11 മുതല്‍ 14 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 16 മത്തെ ഘട്ടമാകും ബാധകമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല