സ്വന്തം ലേഖകന്‍: തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഖതീഫിനടുത്ത് ഖുദൈഹില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പുറകിലുള്ളവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുദൈഹ് പള്ളിയിലെ ചാവേര്‍ ആക്രമണത്തെ യോഗം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിലും ആക്രമണത്തെ അപലപിക്കുന്നതിലും രാജ്യത്തെ എല്ലാ പൗരന്മാരും ഒറ്റക്കെട്ടാണ്. പണ്ഡിത നേതൃത്വവും ഗോത്രപ്രമുഖരും ഉള്‍പ്പെടെ രാജ്യത്തെ ജനങ്ങളും അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങളും സംഭവത്തെ അപലപിച്ചുകൊണ്ട് പ്രസ്താവനകള്‍ പുറത്തിറക്കിയത് ഇതിന്റെ തെളിവാണ്.
സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് മന്ത്രിസഭ നന്ദി അറിയിച്ചു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടാനായതില്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും മികവിനെ യോഗം അഭിനന്ദിച്ചു.
ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മന്ത്രിസഭ അനുശോചനം അറിയിച്ചു. യെമന്നില്‍ സമാധാനം പുനഃസ്ഥാപിക്കാനായി റിയാദില്‍ ചേര്‍ന്ന ത്രിദിന സമ്മേളനവും യോഗം വിശകലം ചെയ്തു. യെമനില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനും സുസ്ഥിര ഭരണത്തിലൂടെ പുതിയ യെമന്‍ കെട്ടിപ്പടുക്കാനും സാധിക്കട്ടെയെന്ന് എന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല