സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യ. കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഷ്ടമുള്ളപ്പോള്‍ വന്നുപോകാവുന്ന ടൂറിസ്റ്റ് വിസ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്ന് നിബന്ധനയുണ്ട്.
49 രാജ്യക്കാര്‍ക്കാണ് എളുപ്പത്തില്‍ സ്വന്താമാക്കാവുന്ന ഈ ടൂറിസ്റ്റ് വിസ ലഭ്യമാവുക. ഇവയില്‍ അധികവും യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. വലിയ നടപടിക്രമങ്ങൾ ഒന്നുമില്ലാതെ എളുപ്പത്തില്‍ ലഭ്യമാവുമെന്നതാണ് ഈ ടൂറിസ്റ്റ് വിസയുടെ സവിശേഷത.
ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ ഓഗ്രഹിക്കുന്നവര്‍ visitsaudi.com വെബ്സൈറ്റ് വഴി അപേക്ഷ നല്‍കണം. പൂര്‍ണമായി വാക്സിന്‍ എടുത്ത ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കണം. അതോടൊപ്പം സൗദിയിലേക്ക് വിമാനം കയറുന്നതിന് 72 മണിക്കൂറിനകം നടത്തിയ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.
https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലും തവക്കല്‍നാ ആപ്പിലും വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പായി അപ്ലോഡ് ചെയ്യണം. ഏതാനും ദിവസത്തേക്ക് സൗദിയില്‍ എത്തുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും പാകത്തില്‍ തവക്കല്‍നാ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, റെസ്റ്റൊറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെ പ്രവേശനത്തിന് വിനോദ സഞ്ചാരികള്‍ തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നും വ്യവസ്ഥയുണ്ട്.
ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും അവസരം നല്‍കും. അതോടൊപ്പം സൗദിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനക്ക, മൊഡേണ എന്നിവയുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്റെ ഒരു ഡോസോ സ്വീകരിച്ചവരെയാണ് പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ചവരായി കണക്കാക്കുക.
എന്നാല്‍ സിനോഫാം, സിനോഫാം എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകള്‍ ലഭിച്ചവരാണെങ്കില്‍ നേരത്തേ പറഞ്ഞ ഏതെങ്കിലും വാക്സിന്റെ ഒരു ഡോസ് കൂടി ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ചവരാണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ടൂറിസം മന്ത്രാലയം പ്രസ്താവനില്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓഗസ്റ്റ് ഒന്നു മുതല്‍ സൗദി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനനാനുമതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല