1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നഗരസഭകളിലെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ പരിഷ്‌ക്കരിച്ച് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം ഉത്തരവിട്ടു. നിയമ ലംഘനത്തിന്‍റെ സ്വഭാവം, എത്ര തവണ ആവര്‍ത്തിക്കുന്നു, സ്ഥാപനത്തിന്‍റെ വലിപ്പച്ചെറുപ്പം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പിഴകള്‍ നിര്‍ണയിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതിനനുസരിച്ച് പിഴയും വര്‍ധിക്കും. വിവിധ നഗരസഭകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിയമ ലംഘനങ്ങള്‍ക്ക് വ്യത്യസ്ത പിഴയാണ് സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുക. നിയമ ലംഘനങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന പിഴ അര ലക്ഷം റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അംഗീകരിച്ച വര്‍ഗീകരണം അനുസരിച്ച് സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പത്തിന് അനുസൃതമായും പിഴകളില്‍ വ്യത്യാസമുണ്ട്. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളില്‍ പിഴകള്‍ ചുമത്തുന്നതിനു മുമ്പായി അത് തിരുത്താന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

വാണിജ്യ കാര്യങ്ങള്‍, പൊതുശുചീകരണം, വാണിജ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, റോഡുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, നിര്‍മാണ മേഖല, പെട്രോള്‍ ബങ്കുകള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, അളവുതൂക്കങ്ങള്‍, നഗരസഭാ ഫീസുകള്‍, പരസ്യ ബോര്‍ഡുകള്‍, ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ്, വില്‍പന നിയമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഒന്‍പത് മേഖലകളിലാണ് പുതുതായി പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു.

നിയമ ലംഘനങ്ങളുടെ ഇനവും സ്വഭാവവും അനുസരിച്ച് ചില കേസുകളില്‍ നിയമ ലംഘനങ്ങള്‍ ശരിയാക്കി പിഴ ഒിവാക്കാന്‍ ഏഴു മുതല്‍ 120 ദിവസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. റോഡുകളുമായും കെട്ടിട നിര്‍മാണവുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ 120 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ പരിഷ്‌ക്കരണത്തിന്‍റെ അടിസ്ഥാനത്തില്‍, നഗരസഭാ ലൈസന്‍സില്ലാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക നഗരസഭകളുടെ സവിശേഷതകള്‍ക്ക് അനുസൃതമായി പിഴ തുകയിലും വ്യത്യാസമുണ്ടാവും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് ഇരട്ടി തുക പിഴ ഈടാക്കാനാണ് തീരുമാനം. കൂടാതെ നിയമ ലംഘനം പരിഹരിക്കുന്നതു വരെ സ്ഥാപനം അടപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ലൈസന്‍സില്ലാതെ റോഡ് അടക്കുന്ന കരാറുകാര്‍ക്ക് ഓരോ സൈറ്റിനും 6,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. കൂടാതെ റോഡുകളില്‍ വരുത്തുന്ന കേടുപാടുകള്‍ നന്നാക്കുന്നതിന്‍റെ ചെലവും കരാറുകാര്‍ വഹിക്കേണ്ടിവരും. അതല്ലെങ്കില്‍ കേടുപാടുകള്‍ കരാറുകാര്‍ സ്വന്തം നിലക്ക് നന്നാക്കേണ്ടിവരുമെന്നും പുതിയ നിയമഭേദഗതിയില്‍ വ്യക്തമാക്കി. അടിയന്തരമായി റോഡില്‍ കുഴിയെടുക്കാന്‍ നേടുന്ന ലൈസന്‍സ് ഉപയോഗിച്ച് അടിയന്തരമല്ലാത്ത കുഴിയെടുക്കല്‍ ജോലികള്‍ നടത്തിയാല്‍ കരാറുകാരില്‍ നിന്ന് 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തും.

റോഡുകളിലെ നിര്‍മാണ സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കാതിരുന്നാല്‍ 4,000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെയാണ് പിഴ. രാത്രി കാലങ്ങളില്‍ റോഡുകളില്‍ കുഴിയെടുക്കുമ്പോള്‍ ആവശ്യമായ വെളിച്ച സംവിധാനം ഏര്‍പ്പെടുത്താതിരുന്നാലും സര്‍വീസ് ട്രാക്ക് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ സൈറ്റില്‍ കുഴിയെടുക്കുന്നതിനും കരാറുകാര്‍ക്ക് ഇതേ തുക പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ലൈസന്‍സ് പ്രകാരമുള്ള പ്ലാനിന് വിരുദ്ധമായി താമസ ആവശ്യത്തിനുള്ള വില്ലകളുടെ വലിപ്പവും നിലകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന് 200 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ ലഭിക്കുക. പിഴ അടക്കുന്നതിന് പുറമെ, നിയമം ലംഘിച്ച് നിര്‍മിച്ച ഭാഗങ്ങള്‍ നിയമ ലംഘകര്‍ സ്വന്തം ചെലവില്‍ പൊളിച്ച് നീക്കേണ്ടിയും.

നിര്‍മാണ ലൈസന്‍സില്ലാതെ കെട്ടിടം നിര്‍മിക്കുന്ന കരാറുകാരന് 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയും ലൈസന്‍സില്ലാതെ കെട്ടിടം പൊളിക്കുകയോ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്ന കരാറുകാരന് 1,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയും പിഴ ലഭിക്കുമെന്നും പുതിയ നിയമഭേദഗതിയില്‍ പറയുന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ ഇ-പെയ്മെന്‍റ് സംവിധാനം ഇല്ലാതിരിക്കല്‍, ഇ-പെയ്മെന്‍റ് സംവിധാനം പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 200 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ലഭിക്കും. ഇ-പെയ്മെന്റ് സംവിധാനം ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കാതിരുന്നാല്‍ മുഴുവന്‍ നഗരസഭകളിലും 200 റിയാല്‍ തോതിലാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക. ഇ-പെയ്മെന്‍റ് സംവിധാനം ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കാതിരുന്നാല്‍ 400 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കും. ലൈസന്‍സില്ലാതെ പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്താല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് നേടുന്നതുവരെ സ്ഥാപനം അടച്ചിടുകയും വേണം. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശ പരിധിക്കു പുറത്ത് കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡുകളും തണല്‍ കുടകളും സ്ഥാപിക്കുന്നവര്‍ക്ക് 2,500 റിയാല്‍ പിഴ ലഭിക്കും. എന്നാല്‍ പിഴ ചുമത്തുന്നതിനു മുമ്പായി ഈ നിയമ ലംഘനം അവസാനിപ്പിക്കാന്‍ ഏഴു ദിവസത്തെ സാവകാശം അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.