സ്വന്തം ലേഖകന്‍: സൗദിയിലെ അതിര്‍ത്തി നഗരമായ നജ്റാനില്‍ ഹൗതികളുടെ ഷെല്ലാക്രമണം, രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു മരണം. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്റാനിലണ് ഹൗതികള്‍ ഷെല്‍ വര്‍ഷം നടത്തിയത്.
ഇന്നലെ വൈകിട്ട് നജ്റാന് അല്‍ ഗാബിലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മധുര സ്വദേശികളായ ആന്റണി, മുഹമ്മദ് എന്നിവരും സൗദി പൗരനുമാണു കൊല്ലപ്പെട്ടതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. നിരവധി യമനി പൗരന്മാര്ക്കും സൗദികള്‍ക്കും പരിക്കേറ്റതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരുക്കേറ്റവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. ധാരാളം മലയാളികള്‍ ഉള്ള പ്രദേശത്തായിരുന്നു ആക്രമണം.
മരണമടഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹം നജ്റാന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ആശൂപത്രിയില്‍ എത്തിച്ചതായി നജ്റാന് സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ അലി അല്‍ ശഹ്റാനി അറിയിച്ചു. സൗദി അതിര്‍ത്തിയില്‍ ഹൗതികളുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള നജ്റാന് നിവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല