സ്വന്തം ലേഖകൻ: ഉന്നത അധികാരികളുടെ അനുമതിയോടെയല്ലാതെ സൗദി അറേബ്യയിലെ ഏതെങ്കിലും രാജാക്കന്മാരുടെയോ കിരീടാവകാശിയുടെയോ സുഹൃദ് രാഷ്ട്രത്തലവന്മാരുടെയോ പേരുകള്‍ ഒരു പൊതു സ്ഥാപനങ്ങള്‍ക്ക് ഇടുന്നത് കുറ്റകരമാക്കുന്ന പുതിയ നിയമം സൗദിയില്‍ വരുന്നു. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം തയ്യാറാക്കിയ പൊതു സ്ഥാപനങ്ങളുടെ പേരുകള്‍ക്കായുള്ള നിയമങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച കരട് നിയമത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം.
മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈത്തുല്‍ മുഖദ്ദിസ് എന്നീ മൂന്ന് വിശുദ്ധ മസ്ജിദുകളുടെയും പേരുകളും സ്ഥാപനങ്ങള്‍ക്ക് നല്‍കരുത്. അതേപോലെ അസ്മാഉല്‍ ഹുസ്‌ന എന്ന പേരില്‍ അറിയപ്പെടുന്ന ദൈവത്തിന്റെ 99 നാമങ്ങളില്‍ മിക്കവയും ഏതെങ്കിലും പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതും കരട് നിയമം വിലക്കുന്നു. നിയമത്തിന്റെ അന്തിമ കരട് അംഗീകരിക്കുന്നതിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് മന്ത്രാലയം.
23 ആര്‍ട്ടിക്കിളുകള്‍ അടങ്ങുന്ന കരട് നിയമം, പൊതു സ്ഥാപനങ്ങളുടെ പേരുകളുടെ അര്‍ത്ഥവും വ്യാപ്തിയും നിര്‍വചിക്കാനും അവയുടെ പേരുകളില്‍ പ്രയോഗിക്കുന്ന പൊതുവായതും നിര്‍ദ്ദിഷ്ടവുമായ വ്യവസ്ഥകള്‍ നിര്‍വചിക്കാനും ലക്ഷ്യമിടുന്നു. ബൗദ്ധിക സ്വത്തവകാശം, സ്വകാര്യത, രഹസ്യസ്വഭാവം എന്നിവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന തരത്തില്‍, അത്തരം പേരുകളുടെ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള നയങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ പൊതു സ്ഥാപനങ്ങളുടെ പേരുകള്‍ക്ക് ബാധകമാകുന്ന ഒരു കൂട്ടം നിയമങ്ങളും മാനദണ്ഡങ്ങളും കരട് നിയമത്തില്‍ ഉള്‍പ്പെടുന്നു.
കരട് നിയമമനുസരിച്ച്, അല്‍ സലാം (സമാധാനം), അല്‍ അദ്ല്‍ (നീതി), അല്‍ അവ്വല്‍ (ആദ്യം), അല്‍ നൂര്‍ (വെളിച്ചം), അല്‍ ഹഖ് (സത്യം); അല്‍ മാലിക് (രാജാവ്) പോലുള്ള ഏതാനും പേരുകള്‍ ഒഴികെ ഒരു പൊതു സ്ഥാപനത്തിനും അസ്മാഉല്‍ ഹുസ്‌നായില്‍ പെട്ട ദൈവത്തിന്റെ പേരുകള്‍ നല്‍കുന്നതിന് അനുവാദമില്ല. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായ പേരുകള്‍ ഒരു പൊതു സ്ഥാപനത്തിന് നല്‍കുന്നതും കരട് നിയമം നിരോധിച്ചിരിക്കുന്നു.
മതപരമോ വംശീയമോ ആയ തീവ്രവാദം, ബൗദ്ധികമോ രാഷ്ട്രീയമോ ആയ ആഭിമുഖ്യങ്ങള്‍, കക്ഷി ബന്ധങ്ങള്‍, ക്രിമിനല്‍ സംഭവങ്ങള്‍ തുടങ്ങിയവയുമായി സ്ഥാപനങ്ങളുടെ പേരുകള്‍ക്ക് ബന്ധമില്ലെന്ന് ഓരോ മന്ത്രാലയവും സര്‍ക്കാര്‍ ഏജന്‍സിയും ഉറപ്പാക്കണമെന്നും കരട് നിയമത്തിലെ ആര്‍ട്ടിക്കിളുകള്‍ ഊന്നിപ്പറഞ്ഞു. അതേപോലെ മതത്തിനും മാതൃരാജ്യത്തിനും എതിരായ ഏതെങ്കിലും ആശയവുമായി ബന്ധമുള്ളവയോ അതിനെ പിന്തുണയ്ക്കുന്നതോ ആയ പേരുകളും പാടില്ല.
അതേസമയം, നാല് ഖലീഫമാര്‍, മുഹമ്മദ് പ്രവാചകന്റെ സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ലഭിച്ച പത്ത് അനുചരന്മാര്‍, പ്രവാചക പത്‌നിമാര്‍, സഹാബികളായ അനുചരന്‍മാര്‍, അനുയായികള്‍, ഇമാമുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കരട് നിയമം അനുശാസിക്കുന്നു.
സൗദി അറേബ്യയിലെ ഒന്നാമത്തെയും രണ്ടാമത്തെയും രാജാക്കന്മാര്‍, കിരീടാവകാശികള്‍, അബ്ദുള്‍ അസീസ് രാജാവിന്റെ രാജാവല്ലാത്ത മക്കള്‍, ഇമാം അബ്ദുല്‍ റഹ്മാന്‍ അല്‍ ഫൈസലിന്റെ പെണ്‍മക്കള്‍, അബ്ദുള്‍ അസീസ് രാജാവിന്റെ പെണ്‍മക്കള്‍, പ്രവിശ്യാ അമീറുമാര്‍, രാജകുടുംബത്തിലെ ഉദ്യോഗസ്ഥര്‍, അബ്ദുള്‍ അസീസ് രാജാവിന്റെ ആളുകള്‍ തുടങ്ങിയവരുടെ പേരുകളും നല്‍കുന്നതില്‍ തെറ്റില്ല.
സൗദി രാജ്യത്തെ പിന്തുണയ്ക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സൗഹൃദ രാജ്യങ്ങളിലെ രാജാക്കന്മാരുടെയും പ്രസിഡന്റുമാരുടെയും പേരുകള്‍, ഇസ്ലാമിക മതപണ്ഡിതര്‍, രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിനെ രക്തസാക്ഷികള്‍ ആയവര്‍, മുസ്ലിംകള്‍ വിജയികളായ, പ്രവാചകന്റെ നേതൃത്വത്തില്‍ നടത്തിയ യുദ്ധങ്ങള്‍, ആദ്യകാലങ്ങളിലെയും സമകാലിക കാലഘട്ടങ്ങളിലെയും പ്രഗത്ഭരായ ഇസ്ലാമിക പണ്ഡിതന്മാര്‍ തുടങ്ങിയവരുടെ പേരുകളും കരട് നിയമം അനുവദിക്കുന്നു.
ദേശീയ ഭൂമിശാസ്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുകള്‍, ഇസ്ലാമിക, അറബ് രാജ്യങ്ങളുടെ പേരുകള്‍, തലസ്ഥാനങ്ങള്‍, നഗരങ്ങള്‍, മെഡിക്കല്‍ ടെര്‍മിനോളജികള്‍, സമകാലിക മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ നേടിയവര്‍, അവാര്‍ഡുകള്‍, ദേശീയ നേട്ടങ്ങള്‍ തുടങ്ങിയവ കരസ്ഥമാക്കിയവര്‍ എന്നിവരുടെ പേരുകളുമാവാം.
മക്കയിലെ ഗ്രാന്‍ഡ് മസ്ജിദ്, മദീനയിലെ പ്രവാചകന്റെ മസ്ജിദ്, ജറുസലേമിലെ അഖ്‌സ മസ്ജിദ് എന്നിങ്ങനെ മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അവയെ ദ്യോതിപ്പിക്കുന്ന മറ്റ് പേരുകളോ ഉപയോഗിക്കുന്നത് ഒരു തരത്തിലും അനുവദനീയമല്ലെന്ന് കരട് നിയമം നിഷ്‌കര്‍ഷിക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിനിടെ രക്തസാക്ഷികളായവരുടെ പേര് രക്തസാക്ഷി ഉള്‍പ്പെട്ട നഗരത്തിലെ തെരുവിന് നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ മന്ത്രാലയവും സര്‍ക്കാര്‍ ഏജന്‍സിയും അതിന്റെ അധികാരപരിധിയിലുള്ള എല്ലാ പൊതു സൗകര്യങ്ങള്‍ക്കും പേരിടണം.
നിലവിലുള്ള സൗകര്യങ്ങളുടെ പേരുകള്‍ക്കോ അല്ലെങ്കില്‍ ഭാവിയില്‍ ആസൂത്രണം ചെയ്യുന്ന സൗകര്യങ്ങളുടെ പേരുകള്‍ക്കോ വേണ്ടിയോ, ഓരോ സര്‍ക്കാര്‍ ഏജന്‍സിയും അംഗീകരിച്ച പേരുകളുടെ ഒരു ഡയറക്ടറി സൃഷ്ടിക്കേണ്ടതാണ്. ഭൂമിശാസ്ത്രപരമായ പേരുകള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ദേശീയ സമിതി അംഗീകരിച്ച മാതൃക സ്വീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, പേരിനകത്തെ ചില പദങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഉപയോഗിക്കാമെന്നും കരട് നിയമം വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല