1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2023

സ്വന്തം ലേഖകൻ: സൗദി ദേശീയ ദിന അവധിയായതിനാൽ അൽ കോബാർ വിഎഫ്എസ് കേന്ദ്രത്തിലെ സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 22 നും 23നും പകരം 22ന് ഒരു ദിവസം മാത്രമായി സേവനം ചുരുക്കിയിട്ടുണ്ട്. സൗദി ദേശീയ ദിന അവധി പ്രമാണിച്ച് റിയാദ് മേഖലയിലെ എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളും ഈ മാസം 23 നും 24 നും പ്രവർത്തിക്കുന്നതല്ലെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

അതേസമയം നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യക്ക് രൂപംനല്‍കി 93 വര്‍ഷം പിന്നിടുന്നു. സെപ്തംബര്‍ 23ന് നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്കായി രാജ്യം തയ്യാറെടുപ്പുകള്‍ തുടങ്ങി. 1932ലാണ് ഇബ്‌നു സൗദ് എന്നറിയപ്പെട്ടിരുന്ന അബ്ദുല്‍ അസീസ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ സൗദ് രാജ്യം കെട്ടിപ്പടുക്കുന്നത്.

93ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ സായുധ സേന രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ ഏരിയല്‍, മറൈന്‍ ഷോകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാന്‍, ദമ്മാം, ജൗഫ്, ജുബൈല്‍, അല്‍അഹ്‌സ, തായിഫ്, അല്‍ബഹ, തബൂക്ക്, അബഹ എന്നീ 13 നഗരങ്ങളില്‍ ടൈഫൂണ്‍, എഫ്15, ടൊര്‍ണാഡോസ് എന്നിവയുള്‍പ്പെടെ വിവിധ തരം റോയല്‍ സൗദി എയര്‍ഫോഴ്‌സ് ജെറ്റുകള്‍ ആകാശവിസ്മയം തീര്‍ക്കും.

സൗദി ഹോക്‌സ് എയ്‌റോബാറ്റിക് ടീം നിരവധി നഗരങ്ങളിലെ ആകാശങ്ങളില്‍ പ്രദര്‍ശനങ്ങളും നടത്തും. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ റോയല്‍ സൗദി നാവികസേന നാവിക പരേഡുകളും ഷോകളും സംഘടിപ്പിക്കുന്നുണ്ട്. നാവിക കപ്പലുകളുടെയും സമുദ്ര സുരക്ഷാ ബോട്ടുകളുടെയും പരേഡ്, ഹെലികോപ്റ്റര്‍ എയര്‍ ഷോകള്‍, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക പരേഡ്, കാലാള്‍പ്പടയും കുതിരപ്പടയും അണിനിരന്നുകൊണ്ടുള്ള പരേഡ്, യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയുമുണ്ടാവും.

ജുബൈലിലെ അല്‍ഫനതീര്‍ ബീച്ചില്‍ കെട്ടിടത്തിനുള്ളിലെ ശത്രുലക്ഷ്യങ്ങളെ നിര്‍വീര്യമാക്കാന്‍ നാവിക കമാന്‍ഡോകള്‍ നടത്തുന്ന ഓപറേഷന്റെ മോക് ഡ്രില്ലും അവതരിപ്പിക്കും. കിഴക്കന്‍ പ്രവിശ്യയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള എയര്‍ ഷോ, സൗദി പതാകയുമായി ഫ്രീ ജംപ്, സൈനിക പരേഡ്, ആയുധങ്ങള്‍, സൈനിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ എന്നിവയും നടക്കും.

രാജ്യത്തെ തെരുവുകളും ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ദേശീയ പതാക കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചും വിദേശികള്‍ ഉള്‍പ്പെടെയുള്ള രാജ്യനിവാസികളും ആഘോഷപരിപാടികളില്‍ പങ്കുചേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.