സ്വന്തം ലേഖകൻ: സൗദി ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സീൽ പതിച്ചു. അതിർത്തി പ്രവേശന കവാടങ്ങൾ വഴി സൗദിയിലേയ്ക്ക് വരികയും രാജ്യം വിടുകയും ചെയ്യുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ ദേശീയദിനാഘോഷത്തിന്റെ പ്രത്യേക ലോഗോ ജവാസാത്ത് കൗണ്ടറുകളിൽ യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ചത്.
ദേശീയദിനം പ്രമാണിച്ച് തെരുവുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി കാണുന്ന ഇടങ്ങളെല്ലാം ദേശീയ പതാകകളും പച്ചനിറമുള്ള തോരണങ്ങളും റിബണികളും ബലൂണുകളും ചായങ്ങളും കൊണ്ട് അലങ്കൃതമായി. ആധുനിക സൗദി പിറവിയെടുത്തതിന്റെ 93ാം പിറന്നാള്‍ രാജ്യമെങ്ങും വലിയ ആഘോഷമായി മാറി.
പൊതുസ്വകാര്യ മേഖലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനമാഘോഷിക്കാന്‍ സ്വദേശികളും വിദേശികളും കുടുംബങ്ങളുമൊന്നിച്ച് ഇന്ന് രാത്രി രാജ്യത്തുടനീളമുള്ള കോര്‍ണിഷുകളില്‍ തമ്പടിക്കും. പ്രവിശ്യ ഭരണകൂടങ്ങളുടെ നേതൃത്തില്‍ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ളവ രാത്രി അരങ്ങേറും. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ശക്തിപ്രകടനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല