1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2022

സ്വന്തം ലേഖകൻ: സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച പുതിയ ഗാർഹികതൊഴിൽ നിയമം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ആഴ്ചയിലുള്ള അവധി, വാർഷിക അവധി, മെഡിക്കൽ അവധി, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.

തൊഴിൽ കരാറിലോ താമസ രേഖയിലോ (ഇഖാമ) രേഖപ്പെടുത്താത്ത ജോലികൾ ഗാർഹിക ​തൊഴിലാളികളെ കൊണ്ട്​ ചെയ്യിക്കാനും 21 വയസ്സിന് താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കാനും പാടില്ല. പുതിയ നിയമത്തിൽ തൊഴിൽ കരാറിന്‍റെ എല്ലാ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള നിയമങ്ങളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പരം കടമകൾ എന്നിവയുമെല്ലാം ഉൾപ്പെടുന്നു.

വീട്ടുജോലിക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം രേഖാമൂലമുള്ള തൊഴിൽ കരാർ മുഖേന നിയന്ത്രിക്കാനായി അത്​ കൃത്യമായി തയാറാക്കി മന്ത്രാലയത്തിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തണം. ജോലിയുടെ സ്വഭാവം, വേതനം എന്നിവയെല്ലാം വ്യക്തമാക്കി ഇരുകൂട്ടരും സമ്മതിച്ചു കരാറിൽ ഉൾപ്പെടുത്തണം. പ്രൊബേഷണറി കാലയളവ്, കരാറിന്‍റെ ദൈർഘ്യം, പിന്നീട് പുതുക്കുന്ന രീതി, അധിക ജോലി സമയം തുടങ്ങിയ വിവരങ്ങളെല്ലാം കരാറിൽ ഉൾപ്പെടണം.

കരാറിലെ അവകാശങ്ങൾ നിയമപരമായി ഉറപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി രണ്ട് കക്ഷികളുടെയും വിലാസം, ഇമെയിൽ, ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇരു കക്ഷികളുടെയും ഓരോ ബന്ധുക്കളുടെ വിവരങ്ങൾ എന്നിവയും കരാറിൽ അടങ്ങിയിരിക്കണം. പ്രൊബേഷൻ കാലാവധി 90 ദിവസത്തിൽ കൂടരുത്. എന്നാൽ ഈ കാലയളവിൽ തൊഴിലാളിയുടെ കഴിവ് പരിശോധിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തൊഴിലുടമയ്ക്കും ജോലിക്കാർക്കും പ്രൊബേഷൻ കാലയളവിൽ സ്വന്തം ഇഷ്ടപ്രകാരം കരാർ അവസാനിപ്പിക്കാം. ഒരേ തൊഴിലുടമയുടെ കീഴിൽ ഗാർഹിക തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷനിൽ നിർത്തുന്നത് അനുവദനീയമല്ല.

ഗാർഹിക തൊഴിൽ കരാർ അവസാനിപ്പിക്കാൻ ഇരുകക്ഷികളും സമ്മതിക്കുകയോ അല്ലെങ്കിൽ വീട്ടുജോലിക്കാരന്‍റെയോ തൊഴിലുടമയുടെയോ ഭാഗത്തുനിന്ന് നിയമാനുസൃതമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കക്ഷികളിൽ ഒരാളുടെ മരണം സംഭവിക്കുകയോ ചെയ്താൽ കരാർ അവസാനിച്ചതായി കണക്കാക്കും. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രാബല്യത്തിൽ വരികയെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.