സൗദിയില്‍ പ്രവാസികളുടെ തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിലേയും തൊഴില്‍ മേഖലയേയും സമ്പദ്‌വ്യവസ്ഥയേയും വിപരീതമായി ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിയില്ല എന്നാണ് സൂചനകള്‍. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശ തൊഴിലാളികളുടെ കാലവധി എട്ടു വര്‍ഷമായി ചുരുക്കാന്‍ ശ്രമം നടത്തുന്നു എന്ന വാര്‍ത്ത നേരത്തെ തൊഴില്‍ മന്ത്രാലയം നിഷേധിച്ചതാണ്.
ജിസിസി അംഗരാഷ്ട്രങ്ങളുടെ പൊതുനയമായ വിദേശ തൊഴിലാളികളുടെ അംഗസംഖ്യ കുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞതും രാജ്യത്തെ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയുമാണ് സൗദിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും വാദമുയര്‍ന്നിട്ടുണ്ട്.
സൗദിയില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ എന്നിവരെയാണ് പുതിയ നിയമം ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ പുതിയ നിയമം പരിചയ സമ്പന്നരും വിദഗ്ദരുമായ തൊഴിലാളികളെ നഷ്ടപ്പെടുത്തുമെന്ന് വ്യവസായിക മേഖലയില്‍ നിന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വൈദഗ്ദ്യം തെളിയിച്ചിട്ടുള്ള തൊഴിലാളികളെ കാലാവധിക്കു ശേഷം പുതിയ കരാറില്‍ തിരിച്ചു കൊണ്ടുവരികയാണ് വേണ്ടതെന്നാണ് വ്യവസായികളുടെ ആവശ്യം.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യയുടെ കാല്‍ ഭാഗം വിദേശ തൊഴിലാളികളാണ്. സ്വകാര്യ മേഖലയിലെ വൈദഗ്ദ്യം കുറഞ്ഞ വിഭാഗത്തിലാകട്ടെ നാലില്‍ മൂന്നു തൊഴിലാളികള്‍ വിദേശികളാണ്. മലയാളി പ്രവാസി സമൂഹം ഏറെ ശക്തമായ സൗദിയില്‍ നിയമം നടപ്പിലായാല്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് മലയാളികളെയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല