സ്വന്തം ലേഖകൻ: സൗദിയിൽ പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിലായി.സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിൽ ഇനി മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സ്വദേശികളെ അധികമായി നിയമിക്കണം.
രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനായി 2021 ഡിസംബറിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിലുള്ള സ്ഥാപനങ്ങളിൽ അധികമായി 2 മുതൽ അഞ്ച് ശതമാനം വരെ സ്വദേശികളെ നിയമിക്കണം. അല്ലാത്ത സ്ഥാപനങ്ങൾ ചുവപ്പ് വിഭാഗത്തിലേക്ക് തരം താഴും. ഇതോടെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ നിർത്തലാക്കും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്പോണ്സറുടെ അനുമതിയില്ലാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറാവുന്നതാണ്.
പരിഷ്കരിച്ച നിതാഖാത്ത് അനുസരിച്ച് വ്യവസായ, കോൺട്രാക്ടിങ്, റസ്റ്റന്റ് മേഖലയിൽ 12 ശതമാനവും, ഫാസ്റ്റ് ഫുഡ് മേഖലയിൽ 14ഉം ഹോട്ടലുകളിൽ 22ഉം ബഖാലകളിൽ 13 ശതമാനവും കോഫി ഷോപ്പുകളിൽ 15 ശതമാനവും സൗദികളെ നിയമിക്കണം. ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ മേഖലയിൽ 20 ശതമാനം സൗദികൾ വേണം. വിദേശ സ്കൂളുകളിൽ അഞ്ച് ശതമാനമേ സൗദിവത്കരണമുള്ളൂ. എന്നാൽ ധനകാര്യ സ്ഥാപനങ്ങളിൽ 50ഉം മൊബൈൽ ഷോപ്പുകളിൽ 82 ശതമാനവും സൗദികളായിരിക്കണം.
ടെലകോമിൽ 25ഉം, ഐടിയിൽ 15ഉം, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ 75 ശതമാനവും സ്വദേശികളെ നിയമിക്കണമെന്നുമാണ് പരിഷ്കരിച്ച വ്യവസ്ഥകൾ. ഈ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇളം പച്ച വിഭാഗത്തിൽ തുടരാൻ സാധിക്കൂ. ഇതിൽ നിന്നും തൊട്ടു മുകളിലുള്ള ഓരോ കാറ്റഗറിയിലേക്കും ഉയരാൻ മൂന്ന് മുതൽ 15 ശതമാനം വരെ സൗദിവത്കരണം നടപ്പാക്കണം. നേരത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ചില പ്രവര്‍ത്തന മേഖലകള്‍ക്കും സൗദിവത്കരണത്തില്‍ അനുവദിച്ചിരുന്ന ഇളവുകളും ഇനി മുതൽ ലഭിക്കില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല