സ്വന്തം ലേഖകന്‍: നിതാഖാത് പരിഷ്‌ക്കരിക്കാന്‍ സൗദി സര്‍ക്കാര്‍, പത്തു ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം. രണ്ടാഴ്ചയ്ക്കകം പദ്ധതി പ്രഖ്യാപിക്കുമെന്നും അഞ്ചു മാസത്തിനകം അതു നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പറഞ്ഞു. പത്തു ലക്ഷത്തോളം സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള നീക്കം ഏകദേശം അത്രത്തോളം തന്നെ പ്രവാസികളുടെ പുറത്താകലിനും വഴിതെളിക്കും.
സ്വകാര്യ മേഖലയില്‍ സൗദിക്കാര്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനാണ് തൊഴില്‍മന്ത്രാലയം ഊന്നല്‍ നല്‍കുന്നത്. വിഷന്‍ 2030 പദ്ധതിയിലൂടെ പത്തു ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കും. നിലവില്‍ 11.7 ശതമാനം സൗദിക്കാര്‍ തൊഴില്‍രഹിതരാണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഇത് ഏഴു ശതമാനമായി കുറയ്ക്കാനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവില്‍ സൗദികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് പൊതുമേഖലയിലാണ്. 89 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയില്‍ സൗദിക്കാര്‍ 18 ലക്ഷം മാത്രമാണ്. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതോടെ വിദേശികള്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലകളിലേക്കു സൗദിക്കാര്‍ കടന്നുവരും.
സ്വകാര്യ മേഖലയില്‍ ഉയര്‍ന്നതും ഇടത്തരവും യോഗ്യതകള്‍ ആവശ്യമുള്ള തൊഴിലുകള്‍ പടിപടിയായി സൗദിവല്‍ക്കരിക്കുന്നതിനുള്ള പരിശീലന പദ്ധതികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് രൂപം നല്‍കുമെന്നും തൊഴില്‍മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഓരോ പ്രവിശ്യയുടെയും സവിശേഷതകള്‍ക്കും സാധ്യതകള്‍ക്കും അനുസൃതമായി തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതിന് പ്രവിശ്യാ ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള നടപടികളുണ്ടാകും.
മൊബൈല്‍ ഫോണ്‍ വില്‍പ്പന, അവയുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിവരികയാണ്. വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന മറ്റു ചില മേഖലകളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം ഉണ്ടാകുമെന്നാണു സൂചന. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്തിരുന്നവരില്‍ ഏറെയും മലയാളികളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല