1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2023

സ്വന്തം ലേഖകൻ: സൗദി വിഷന്‍ 2030 വികസന പദ്ധതിക്ക് കീഴില്‍ വിനോദ വ്യവസായത്തെയും കായിക രംഗത്തെയും പരിപോഷിപ്പിക്കാന്‍ രാജ്യം നീക്കങ്ങള്‍ ഊര്‍ജിതമാക്കി. എണ്ണയെ മുഖ്യവരുമാനമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മേഖലയ്‌ക്കൊപ്പം കായിക-വിനോദ വ്യവസായ രംഗത്തും വന്‍ നിക്ഷേപം നടത്തുന്നത്.

2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിന് അനുമതി ലഭിക്കുകയും 2034ലെ ഫിഫ ലോകകപ്പ് വേദി ഏതാണ്ട് ഉറപ്പിക്കുകയും ചെയ്ത സൗദി അറേബ്യ 2024 സ്പാനിഷ് സൂപ്പര്‍ കപ്പിനും അങ്കത്തട്ട് ഒരുക്കുകയാണ്. അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ ലോകത്ത് ആദ്യമായി ഇ-സ്‌പോര്‍ട്‌സ് ലോകകപ്പും അരങ്ങേറും.

അടുത്ത ജനുവരിയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ, ഒസാസുന ടീമുകളുടെ കിരീടപ്പോരാട്ടത്തിന് സൗദി അരങ്ങൊരുക്കും. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലായിരിക്കും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. ജനുവരി 10 ബുധനാഴ്ച സൗദി സമയം രാത്രി 10 മണിക്കാണ് റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും മാറ്റുരയ്ക്കുന്നത്. ജനുവരി 11ന് ഇതേസമയം ബാഴ്‌സലോണയും അത്‌ലറ്റിക്കോ ഒസാസുനയും ഏറ്റുമുട്ടും. വിജയികള്‍ ജനുവരി നാലിന് ഞായറാഴ്ച ഫൈനലില്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടത്തിനായി മാറ്റുരയ്ക്കും.

2027ലെ ഏഷ്യന്‍ കപ്പ് നടത്തിപ്പ് അവകാശം ലഭിച്ച സൗദി കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ പണിതുവരികയാണ്. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി വിവിധ നഗരങ്ങളിലായി മികച്ച സ്റ്റേഡിയങ്ങള്‍ രാജ്യത്തുണ്ടെങ്കിലും 2034ലെ ലോകകപ്പ് കൂടി മുന്നില്‍ കണ്ട് വലിയ നിക്ഷേപങ്ങള്‍ ഈ മേഖലയിലുണ്ടാവും. ലോകകപ്പ് നടത്താനുള്ള സമയമായെന്ന് കരുതുന്നതായി സൗഗി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനുള്ള സാമ്പത്തിക ശേഷിയും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ലോകകപ്പ് വേദിക്കായി ഫിഫക്ക് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി ബിഡ് സമര്‍പ്പിക്കുകയും ചെയ്തു. ഏഷ്യ-ഓഷ്യാന മേഖലയ്ക്ക് അനുവദിക്കപ്പെട്ട ലോകകപ്പ് വേദിക്കായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടില്ല. അപേക്ഷ നല്‍കാന്‍ ഇനി നാലാഴ്ച കൂടി മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പൂര്‍ണ പിന്തുണ സൗദിക്കുണ്ട്.

ഏഷ്യയിലെ ഫുട്‌ബോള്‍ സമൂഹം ഒറ്റക്കെട്ടായി സൗദിയുടെ ലോകകപ്പ് ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തന്നെ എഴുപതിലേറെ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് സൗദി ഫുട്‌ബേള്‍ ഫെഡറേഷന്‍ വൃത്തങ്ങളും അവകാശപ്പെട്ടിരുന്നു.

2018ലെ റഷ്യയിലെ ലോകകപ്പ് മുതല്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സൗദി കിരീടാവകാശിയും തമ്മിലും ഊഷ്മള ബന്ധവും സൗദിക്ക് മുന്‍തൂക്കം നല്‍കുന്നു. ഖത്തറും സൗദിയും തമ്മില്‍ ബന്ധം വഷളായ കാലത്ത് പോലും 2022ലെ ലോകകപ്പിലെ ചില മത്സരങ്ങള്‍ സൗദിയില്‍ നടത്താന്‍ ഫിഫ ശ്രമം നടത്തിയിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.