സ്വന്തം ലേഖകന്‍: വിദേശികളായ ജിഎന്‍എം നഴ്സുമാരെ പിരിച്ചുവിടുമെന്ന സൂചന നല്കി സൗദി ആരോഗ്യ മന്ത്രാലയം, ഗള്‍ഫിലെ മലയാളി നഴ്സുമാര്‍ വന്‍ പ്രതിസന്ധിയിലേക്ക്. ബി.എസ്സി നഴ്സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കമെന്നാണ് സൂചന. ഡിപ്ളോമക്കാരായ വിദേശ നഴ്സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറിലാണ് അപകട മണിമുഴങ്ങുന്ന സൂചനകളുള്ളത്.
സൗദിയുടെ വഴിയെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും നടന്നാല്‍ ഗള്‍ഫ് മേഖലയിലെ മലയാളി നഴ്സുമാര്‍ വന്‍ പ്രതിസന്ധിയിലേക്കാകും കൂപ്പുകുത്തുക. നാട്ടിലെ തൊഴില്‍ സാഹചര്യങ്ങളാകട്ടെ ദിനംപ്രതി മോശമായി വരുകയാണുതാനും. നഴ്സിങ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കി മാര്‍ച്ച് പന്ത്രണ്ടിനാണു കേന്ദ്രം ഉത്തരവിറക്കിയത്. ഇതോടെ, സ്വകാര്യ ഏജന്‍സിവഴി നടപടികള്‍ പൂര്‍ത്തിയാക്കിയവരും അനിശ്ചിതത്വത്തിലായി. ഈ വിഷയത്തില്‍ കേരള, ഡല്‍ഹി ഹൈക്കോടതികളില്‍ നടനിയമ നടപടികളെ തുടര്‍ന്നു ചില സ്വകാര്യ ഏജന്‍സികള്‍ക്ക് മാര്‍ച്ച് 12 നു മുമ്പു നടപടികള്‍ പൂര്‍ത്തിയാക്കിയവരെ വിദേശത്തെത്തിക്കാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയിട്ടുണ്ട്.
റിക്രൂട്ട്മെന്റിനു സൗദി അറേബ്യ അപേക്ഷ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയ്ക്കു സൗദി സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സികളുടെ പട്ടികയിലിടം നേടാനായിട്ടില്ല. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയായ ഓഡാപെക് പട്ടികയിലുണ്ടെങ്കിലും റിക്രൂട്ട്മെന്റിനു കേരളത്തില്‍ വേദി ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല