സ്വന്തം ലേഖകന്‍: സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, വിദേശകാര്യ സഹമന്ത്രി വികെ സിങ് വീണ്ടും ജിദ്ദയിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ജിദ്ദയിലത്തെിയ മന്ത്രി ഉച്ചക്ക് മൂന്നരയോടെ ശുമൈസിയിലെ ലേബര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് ആദ്യവാരത്തില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിലും വി.കെ.സിങ് ഇതേ ക്യാമ്പില്‍ തൊഴിലാളികളെ നേരില്‍ കാണാനത്തെിയിരുന്നു.
തൊഴിലാളികളുടെ കേസ് നടത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ചുമതലപ്പെടുത്തിയ ലീഗല്‍ കണ്‍സല്‍ട്ടന്‍സി തലവന്‍ ഡോ. ഖാലിദ് അല്‍ ബഗ്ദാദി, നിയമ വിഭാഗം തലവന്‍ ഡോ.അഹമ്മദ് അല്‍ ജിഹാനി, തൊഴില്‍വകുപ്പ് മേധാവി അബ്ദുറഹ്മാന്‍ അല്‍ ബിശ്ദി എന്നിവരും വി.കെ.സിങിനൊപ്പം ക്യാമ്പിലത്തെി.
പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ ഒന്നുകില്‍ നാട്ടിലേക്ക് തിരിക്കാനോ അല്ലെങ്കില്‍ ജോലി മാറാനോ തയാറാവണമെന്ന് അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. കിട്ടാനുള്ള ശമ്പളക്കുടിശ്ശിക ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കരുത്. നിയമപരമായി അത് ലഭ്യമാക്കാന്‍ സൗദിയും ഇന്ത്യയും നടപടി സ്വീകരിക്കുമെങ്കിലും അതിന് സമയമെടുക്കും. പുതിയ കമ്പനികള്‍ തൊഴില്‍ നല്‍കാന്‍ തയാറാവുമ്പോള്‍ വിമുഖത കാണിക്കരുത്. സൗദി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണം.
നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ അധിക കാലം തുടരാനാവില്ല. തൊഴിലാളികളുടെ ലിസ്റ്റ് അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നാട്ടിലത്തെിയാലും ജോലിസാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. ആഗസ്റ്റ് ആദ്യവാരത്തില്‍ സൗദിയിലത്തെിയ സിങ് തൊഴില്‍വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള നടപടികളില്‍ ധാരണയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല