സ്വന്തം ലേഖകൻ: ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വീസ അനുവദിക്കാന്‍ തീരുമാനം. നിക്ഷേപകര്‍ക്കായുള്ള സന്ദര്‍ശക വീസ നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് എടുത്തുകളയാന്‍ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
ഇനി മുതല്‍ സൗദിയിലേക്ക് മുഴുവന്‍ രാജ്യങ്ങളില്‍നിന്നും ബിസിനസ് വിസിറ്റ് വീസ അനുവദിക്കുമെന്നും വീസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായും നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വീസ പ്ലാറ്റ്‌ഫോം വഴി ലളിതമായ നടപടികളിലൂടെ എളുപ്പത്തില്‍ വീസ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വേണ്ടിയാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അനായാസം ബിസിനസ് വിസിറ്റ് വീസ ലഭ്യമാക്കുന്നത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക, വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്നിവ സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനാണിത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ ജൂലൈയില്‍ സൗദി വിസിറ്റിങ് ഇന്‍വെസ്റ്റര്‍ വീസ ആരംഭിച്ചിരുന്നു.
സൗദിയെ ആകര്‍ഷകമായ ഒരു മുന്‍നിര നിക്ഷേപ രാജ്യമാക്കി മാറ്റുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്ന് നിക്ഷേപ മന്ത്രാലയം അഭിപ്രായപ്പെട്ടു. നിക്ഷേപക വിസിറ്റ് വീസ മുഴുവന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമാക്കാന്‍ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും കൈകോര്‍ത്താണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും അധികൃതര്‍ വിശദീകരിച്ചു.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ഉടനടി ബിസിനസ് വിസിറ്റ് വീസ അനുവദിക്കും. മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദിയിലെത്തി നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള യാത്രകള്‍ സുഗമാക്കുന്നതിനാണിത്. അപേക്ഷ സമര്‍പ്പിച്ച് പ്രോസസിങ് പൂര്‍ത്തിയായാല്‍ ഉടന്‍ ഓണ്‍ലൈനായി വീസ നല്‍കുകയും ഇ-മെയില്‍ വഴിയും വീസ അയച്ചുനല്‍കുകയുമാണ് ചെയ്യുന്നത്.
ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വീസയ്ക്ക് പകരം വിസിറ്റ് വീസ ഉപയോഗിക്കാന്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി അനുമതി നല്‍കി സൗദി ഈയിടെ ഉത്തരവിറക്കിയിരുന്നു. ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്ക് മക്കിയിലെത്തി ഉംറ നിര്‍വഹിക്കാനും മദീനയില്‍ പ്രവാചക മസ്ജിദും അന്ത്യവിശ്രമസ്ഥലവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹജ്ജ് സീസണില്‍ മക്കയിലേക്ക് പ്രവേശനമുണ്ടാവില്ല. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ സൗദിയില്‍ പ്രവേശിക്കുന്ന സമയത്തോ വീസയ്ക്ക് അപേക്ഷിക്കാം.
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്ദര്‍ശന വീസയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സൗദിയില്‍ എവിടെയുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും തടസമില്ല. എന്നാല്‍ സന്ദര്‍ശകര്‍രാജ്യത്ത് ജോലി ചെയ്യാന്‍ പാടില്ല. വീസയിലെ താമസ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് രാജ്യംവിടുകയും വേണം.
വിദേശത്തുള്ള സുഹൃത്തുക്കളെ സൗദി പൗരന്‍മാര്‍ക്ക് ഉംറക്ക് കൊണ്ടുവരാന്‍ വിസിറ്റ് വീസ അനുവദിക്കാന്‍ സൗദി അടുത്തിടെ തീരുമാനിച്ചിരുന്നു. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകളില്‍ വരുന്നവര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
സന്ദര്‍ശന വീസയില്‍ വരുന്നവര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാനും ഇപ്പോള്‍ അനുവദാമുണ്ട്. വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മാത്രം. വിദേശ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും തീര്‍ത്ഥാടകരെയും ആകര്‍ഷിക്കുന്നതിനാണ് വീസ നിയമങ്ങള്‍, വീസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങി ഉദാരമായ സമീപനങ്ങള്‍ കൈക്കൊണ്ടുവരുന്നത്. എല്ലാത്തരം വിസിറ്റ് വീസകളും ഇപ്പോള്‍ ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ സൗകര്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല