സ്വന്തം ലേഖകൻ: സൗദിയിൽ ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ജോലിയിൽ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും.പരിഷ്കരിച്ച ഓണ്‍ലൈന്‍ ടാക്സി നിയമങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.ടാക്സി ജീവനക്കാരും യാത്രക്കാരും നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ടാക്സി നിയമങ്ങൾ പരിഷ്കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.
ഓണ്‍ലൈന്‍ ടാക്സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരം ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ ടാക്സി നിയമങ്ങൾ പരിഷ്കരിച്ചത്. പുതിയ ചട്ടപ്രകാരം ഓണ്‍ലൈൻ ടാക്സി ആപ്പ് വഴി സ്വീകരിക്കുന്ന ട്രിപ്പുകൾ ഒരു മാസത്തിനിടെ 5 ൽ കൂടുതൽ തവണ റദ്ദാക്കുന്ന ഡ്രൈവർമാർക്ക് ജോലിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തും.
അതേ സമയം ട്രിപ്പിനുള്ള യാത്രക്കാരൻ്റെ അഭ്യർത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും മുമ്പായി ഡ്രൈവർമാർക്ക് ലക്ഷ്യസ്ഥാനം അറിയാൻ സാധിക്കും വിധമാണ് ചട്ടങ്ങൾ പരിഷ്കരിച്ചത്. യാത്രക്കാരിൽ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ക്ക് തന്നെ തിരികെ നല്‍കുന്നതിനായി ടാക്സി കമ്പനികൾ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരിഷ്കരിച്ച ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ഓണ്‍ലൈന്‍ ടാക്സി മേഖലയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷവും പ്രൈവറ്റ് നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ പബ്ലിക് ടാക്സിയായി ഉപയോഗിക്കുന്ന പ്രവണതയും പുതിയ ചട്ടങ്ങളിലൂടെ അവസാനിപ്പിക്കും. കൂടാതെ ഗതാഗത മേഖലയിൽ നിക്ഷേപകരും ഗുണഭോക്താക്കളും തൊഴിലാളികളും നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനായി ട്രാൻസ്പോർട്ട് അതോറിറ്റി നിരന്തരം നിരക്ഷണം ഏർപ്പെടുത്തും. പുതിയ മാറ്റങ്ങൾ ഓണ്‍ലൈന്‍ ടാക്സി ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല