സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാരും പുതിയ വിസയില്‍ സൗദിയിലെത്തുന്നവരും ഓണ്‍ലൈനായി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസത്ത്) അഭ്യര്‍ത്ഥിച്ചു. https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും എന്‍ട്രി പോയിന്റുകളില്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായിക്കുമെന്ന് ജവാസത്ത് പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി നടത്തുന്ന ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് നടപടി.
സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ഓൺലൈൻ വഴി ബന്ധപ്പെടാൻ സൗകര്യം ചെയ്തുകൊണ്ട് കോൺസുലേറ്റിൽ വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം(വാസ്) ആരംഭിച്ചു.
കോൺസുലേറ്റിെൻറ അധികാര പരിധിയിൽ വരുന്ന ഇന്ത്യൻ സമൂഹവുമായി കോൺസുലേറ്റിനെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം ഏറെ സഹായിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോണ്സുലേറ്റിൽ നേരിട്ടെത്തി ആവശ്യങ്ങൾ നിർവഹിക്കുക എന്നത് ബുദ്ധിമുട്ടായതിനാൽ പുതിയ സംവിധാനം ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ മുഴുവൻ സേവനങ്ങൾക്കും പുതിയ സേവനമായ വെർച്വൽ അപ്പോയിൻറ്മെൻറ് സിസ്റ്റം സഹായിക്കും. എങ്കിലും പുതിയ സംവിധാനം അധികമായി വികസിപ്പിച്ചതാണെന്നും സാധാരണ രീതിയിലുള്ള കോൺസുലേറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.എസിലും ലഭ്യമായ ‘ഇന്ത്യ ഇൻ ജിദ്ദ’ എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ് വഴി വെർച്വൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാം. അപ്ലിക്കേഷനിലെ ‘ബുക്ക് അപ്പോയിൻമെൻറ്’ എന്നത് സെലക്ട് ചെയ്ത് അവിടെ ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച തീയതിയും സമയവും തെരഞ്ഞെടുത്ത് കോൺസുലേറ്റുമായി വെർച്വൽ അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാം.
ഒരു ഡോസ് വാക്സീനിലൂടെ കോവിഡിനെതിരെ മതിയായ പ്രതിരോധ ശേഷി ലഭിക്കില്ലെന്നും രണ്ടാമത്തെ ഡോസ് നിർബന്ധമായും എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ, അസ്ട്ര സെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ 4 വാക്സീനുകളാണ് സൗദി അംഗികരിച്ചത്. മറ്റേതെങ്കിലും വാക്സീൻ അംഗീകരിക്കുന്നുവെങ്കിൽ അക്കാര്യം യഥാസമയം പ്രഖ്യാപിക്കുമെന്നും പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ എടുക്കുന്നതിൽ വിരോധമില്ലെന്നും അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല