സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ക്കും ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. അടുത്ത ശവ്വാല്‍ മാസം പത്ത് മുതലാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിച്ചു തുടങ്ങുക. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തര മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഉത്തരവ്.
ഇസ്‌ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായി വാഹനം ഓടിക്കുന്നതിന് വിലക്കില്ല. എന്നാല്‍ മുന്‍ കരുതല്‍ എന്ന നിലക്കായിരുന്നു വിലക്ക് ഏര്‍പെടുത്തിയിരുന്നത്. വിലക്ക് ഇനി തുടരേണ്ടതില്ലെന്നാണ് ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം എന്നിവയടങ്ങിയ കമ്മിറ്റി മുപ്പത് ദിവസത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് നിര്‍ദേശം നല്‍കണം.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സല്‍മാന്‍ രാജാവിന്റെ ചരിത്രപരമായ ഉത്തരവ് പുറത്ത് വന്നത്. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാര്‍ പൊതുചടങ്ങുകളില്‍ ഒരുമിച്ച് ഒത്തുകൂടുന്നതിനു സൗദിയില്‍ കര്‍ശന വിലക്കുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല