സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി.
വിവിധ ഘട്ടങ്ങളിലായാണു സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം ജൂലൈ 22നു പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ഒരു വര്‍ഷത്തിനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ 30 ശതമാനമായിരിക്കും സ്വദേശിവത്കരണം.
അഞ്ച് വിദേശികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലാണു സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. പുതിയ തീരുമാനത്തിലൂടെ 40,000 സ്വദേശി യുവാക്കള്‍ക്കു തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണു തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സൗദി ഫാര്‍മസി മേഖലയില്‍ ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു വിദേശികളാണു തൊഴിലെടുക്കുന്നത്.
ആരോഗ്യരംഗത്ത് സ്വദേശിവത്കരണം ഉര്‍ജിതമാക്കുന്നതിന്റെ ഭാഗമാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്, ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണു സ്വദേശിവത്ക്കരണം നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല