സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ യാത്രാസേവനങ്ങള്‍ക്കായി സൗദി അറേബ്യ സീസണ്‍ വീസയില്‍ 36,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. സൗദി ജനറല്‍ സിന്‍ഡിക്കേറ്റ് ഓഫ് കാര്‍സിനു കീഴിലെ 65 ബസ് കമ്പനികളിലേക്ക് വരുന്ന റമദാന്‍ മാസത്തിലേക്ക് 8,800 ലേറെ ഡ്രൈവര്‍മാരെയും ടെക്നീഷ്യന്മാരെയും തൊഴിലാളികളെയുമാണ് റിക്രൂട്ട് ചെയ്യുന്നത്.
ഇതിന് പിന്നാലെ ഹജ്ജ് സീസണിലേക്ക് ആവശ്യമായ 28,000 ഡ്രൈവര്‍മാരെയും ടെക്നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യാന്‍ ബസ് കമ്പനികള്‍ നടപടികള്‍ ആരംഭിക്കും. ഡ്രൈവര്‍മാരെയും ടെക്നീഷ്യന്മാരെയും തൊഴിലാളികളെയും സീസണ്‍ വീസയില്‍ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജനറല്‍ സിന്‍ഡിക്കേറ്റ് ഓഫ് കാര്‍സ് കമ്പനികാര്യ വിഭാഗം മേധാവി അബ്ദുല്ല അല്‍മിഹ്‌മാദി പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളും ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റും നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സെലക്ഷന്‍ കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ ഏറ്റവും മികച്ച ഡ്രൈവര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ സീസണ്‍ തൊഴിലാളികള്‍ ശഅ്ബാന്‍ അഞ്ചു മുതല്‍ എത്തിത്തുടങ്ങുമെന്ന് അബ്ദുല്ല അല്‍മിഹ്‌മാദി പറഞ്ഞു.
വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിന് ഏകദേശം 21,000 ബസ്സുകള്‍ തയ്യാറായതായി സൗദി ജനറല്‍ സിന്‍ഡിക്കേറ്റ് ഓഫ് കാര്‍സ് വക്താവ് റുബ അല്‍ ഗുസ്ന്‍ പറഞ്ഞു. ഈ വര്‍ഷം ഏകദേശം 20 ലക്ഷം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ബസ്സുകളുടെ എണ്ണം ഇതുവരെ 65 കമ്പനികളില്‍ നിന്നായി 21,000 ആയിട്ടുണ്ടെന്ന് സൗദി ന്യൂസ് ടിവി അല്‍ ഇഖ്ബാരിയയോട് അദ്ദേഹം പറഞ്ഞു.
ഓപറേഷന്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജിനുള്ള തയ്യാറെടുപ്പുകള്‍ സൗദി അറേബ്യ ആരംഭിക്കുകയും ഈ മാസം ആദ്യം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 18 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെ പുണ്യനഗരങ്ങളിലെത്തി ഹജ്ജ് നിര്‍വഹിച്ചു. കൊവിഡ് 19 പകര്‍ച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പുള്ള തീര്‍ത്ഥാടക ക്വാട്ട കഴിഞ്ഞ വര്‍ഷമാണ് മടങ്ങിയെത്തിയത്.
ഈ വര്‍ഷത്തെ ഹജ്ജിനുള്ള നിയമങ്ങള്‍ സൗദി അറേബ്യ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇത്തവണ വിശുദ്ധ സ്ഥലങ്ങളില്‍ രാജ്യങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കില്ല. ഹജ്ജ് കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനെ ആശ്രയിച്ച് വിവിധ രാജ്യങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കും. നേരത്തെ കരാറുകള്‍ അവസാനിപ്പിക്കുന്ന രാജ്യത്തിന് പുണ്യസ്ഥലങ്ങളില്‍ ഉചിതമായ സ്ഥലങ്ങള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സൗദി ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല