സ്വന്തം ലേഖകൻ: കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. തിരൂർ സ്വദേശിയാണ് പൊലീസ് പിടിയിലായത്.
ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടിൽ നിന്നു കൊണ്ടു വന്ന മരുന്നാണ് പിടികൂടിയത്. അൽ ബാഹയിൽ വച്ച് നാർക്കോട്ടിക് വിഭാഗം മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. പരിശോധനയിൽ മരുന്നു കണ്ടെത്തുകയും ഇത് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നടുവേദന മാറാൻ നാട്ടിൽ നിന്ന് ഡോക്ടർ കുറിച്ച് കൊടുത്ത ഗാബാപെന്റിൻ എന്ന വേദന സംഹാരിയാണ് ഇദ്ദേഹത്തിൽനിന്നു പിടിച്ചെടുത്തത്. മരുന്ന് ഡോക്ടറുടെ പ്രത്യേക കുറിപ്പടിയോടെ കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് നൽകാറുള്ളത്. നാട്ടിൽ നിന്ന് വരുന്ന സമയത്ത് വിമാനത്താവളത്തിൽ കാണിക്കാൻ ആവശ്യമായ രേഖകൾ ഇദ്ദഹം കരുതിയിരുന്നെങ്കിലും ഉംറ യാത്രയിൽ അതു കരുതിയിരുന്നില്ല. ഇതാണ് യുവാവിന് വിനയായത്.
ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈവശം ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ അതു കാണിച്ചാൽ നടപടികൾക്കു വിധേയനാകേണ്ടി വരില്ലായിരുന്നു. ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ മതിയായ രേഖകൾ ഹാജരാക്കി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മോചിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തി വരികയാണ്.
സൗദിയിൽ പല മരുന്നുകൾക്കും വിലക്കുണ്ട്. എന്നാൽ, ഇവയിൽ പലതും നാട്ടിൽ ലഭ്യവുമാണ്. നാട്ടിൽ ഡോക്ടർമാരെ കണ്ട് വാങ്ങുന്ന മരുന്നിൽ പലതും ഇവിടെ നിരോധിക്കപ്പെട്ടതും നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രം നൽകുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല