സ്വന്തം ലേഖകൻ: സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയത്. റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുത്ത ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച് ജയിലിലകപ്പെട്ട മലയാളിയുടെ കേസ് രണ്ടാഴ്ച മുൻപാണ് പുറത്ത് വന്നത്.
സ്റ്റിക്കർ മാറ്റി പതിപ്പിച്ച സംഭവങ്ങളും പണം നൽകാതെ സാധനങ്ങളുമായി മുങ്ങുന്നതുമായ നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികളടക്കം ചിലരൊക്കെ ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെടുന്ന സംഭവങ്ങൾ പ്രവാസി സമൂഹത്തിനാകെ മാനക്കേടുണ്ടാക്കുന്നതാണെന്ന് പ്രവാസികൾ പറയുന്നു.
8 റിയാലിന്റെ വില മാറ്റത്തിൽ തട്ടിപ്പ് നടത്തിയ മലയാളിക്ക് ഒന്നരമാസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. മറ്റൊരു സംഭവത്തിൽ പ്രമുഖ സൂപ്പർ മാർക്കറ്റിൽ ഒരു മാസം മുന്‍പ് ഒരു മലയാളി ഡ്രൈവർ പുതിയ വാച്ച് പോക്കറ്റിലിട്ട് പുറത്തിറങ്ങിയപ്പോൾ സുരക്ഷാ ജീവനക്കാർ പിടികൂടി. അറിയാതെ അബദ്ധത്തിൽ പോക്കറ്റിലിട്ടുപോയതാണെന്നാണ് അയാൾ പറഞ്ഞത്.
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലക്ഷങ്ങൾ ശമ്പളമുള്ള മലയാളി ഉദ്യോഗസ്ഥൻ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തുണിത്തരത്തിലെ സ്റ്റിക്കർ ഇളക്കി മാറ്റി പകരം കുറഞ്ഞ തുകയുള്ള തുണിത്തരത്തിന്റെ സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്ന് പിടിക്കപ്പെട്ടിരുന്നു.
സംശയം തോന്നിയ ബില്ലിങ് സ്റ്റാഫ് പരിശോധിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്. സിസിടിവി റെക്കോർഡിൽ എല്ലാ തെളിവുകളും പതിഞ്ഞിട്ടുള്ളതായി കണ്ടെത്തി. തെറ്റ് ചെയ്തതായി അയാൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് പിഴ അടച്ചതിനെ തുടർന്നാണ് സംഭവം ഒത്തു തീർപ്പായതെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല