സ്വന്തം ലേഖകൻ: യൂറോപ്പ്യൻ ഫുട്ബോളിൽ നിന്ന് സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിൽ ഫ്രഞ്ച് ക്ലബ് വിട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദിയിലേക്കെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, റോബർട്ടോ ഫിർമിനോ, റൂബൻ നെവസ്, എൻഗോളോ കാന്റെ, സാദിയോ മാനെ അങ്ങനെ നീളുന്നു യൂറോപ്പ് വിട്ട് സൗദിയിലേക്ക് എത്തിയ താരങ്ങളുടെ നിര. പക്ഷേ യൂറോപ്പ് വിടുമ്പോൾ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു താരങ്ങൾക്ക് തിരിച്ചടി. ഒടുവിൽ ആ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സൗദി ഫുട്ബോൾ.
ചാമ്പ്യൻസ് ലീഗിൽ സൗദി ക്ലബുകളെ ഉൾപ്പെടുത്തുവാൻ യുവേഫയുമായി ചർച്ച നടത്തുകയാണ് സൗദി ഫുട്ബോൾ. യുവേഫ ഇത് അംഗീകരിച്ചാൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ സൗദിയിൽ നിന്നും ക്ലബുകളെത്തും. സൗദി അറേബ്യൻ ഫുട്ബോളിന് പ്രചാരം വർദ്ധിപ്പിക്കാനും ചാമ്പ്യൻസ് ലീഗ് പ്രവേശനം ഗുണം ചെയ്യും. യൂറോപ്പിന് പുറത്ത് നിന്നുള്ള ക്ലബുകളെ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടുത്തുന്നതിൽ യുവേഫ തീരുമാനം നിർണായകമാണ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസറിലേക്ക് എത്തിയത്. മുമ്പ് അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കപ്പ് ഉയർത്തിയ താരമാണ് ക്രിസ്റ്റ്യാനോ. നാല് തവണ റയൽ മാഡ്രിഡിനൊപ്പവും ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും. റയൽ താരമായി കരീം ബെൻസീമയും അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. ലിവർപൂളിനൊപ്പം സാദിയോ മാനെയും റോബർട്ടോ ഫിർമിനയും ഒരോ തവണയും ചെൽസിക്കൊപ്പം എൻഗോളോ കാന്റെ ഒരു തവണയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല