സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച പത്ത് വ്യവസ്ഥകള്‍ നിലവില്‍ വന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്നും അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി സൗദി മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ചതാണ് പുതിയ വ്യവസ്ഥകള്‍.
മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമുള്ള ചുമരെഴുത്തുകള്‍, ചിത്രം വര, സഭ്യമല്ലാത്ത സംസാരങ്ങള്‍ തുടങ്ങി 10 വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍, തിയേറ്ററുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുവായി ഗണിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവരില്‍ നിന്നും 5000 റിയാല്‍ വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിച്ചു പിടിക്കപ്പെട്ടാല്‍ പിഴ സംഖ്യ ഇരട്ടി വരെ അടക്കേണ്ടിവരും.
ആഭ്യന്തരം, ടൂറിസം, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്നാണ് നിയമം നടപ്പിലാക്കുകയും ഏത് ഇനത്തില്‍പ്പെട്ടതാണെന്ന് തീരുമാനിക്കുകയും ചെയ്യുക. പിഴ ശിക്ഷ ലഭിച്ചവര്‍ക്ക് ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ പോവാനുള്ള അവസരവുമുണ്ട്. സൗദിയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും വിഘാതമേല്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങളും ശീലങ്ങളും ഒഴിവാക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്. രാജ്യതാല്പര്യം പരിഗണിച്ചു വിവിധ നാടുകളില്‍ ഇത്തരം നിയമങ്ങള്‍ നേരത്തെ ഉള്ളതാണെന്നും സൗദിയിലെ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാണെന്നും ശൂറാ കൗണ്‍സില്‍ അംഗം ഡോ. മുആദി അല്‍ മദ്ഹബ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല