സ്വന്തം ലേഖകൻ: ഖിവയിൽ ക്രെഡിറ്റ് കാർഡുകളിലൂടെയും മാഡ ഡെബിറ്റ് കാർഡുകളിലൂടെയും വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് അടക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ തൊഴിലുടമകളുടെ ഖിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക അടക്കാനുള്ള സൗകര്യമാണ് ഇപ്പോൾ സൗദി ഒരുക്കിയിരിക്കുന്നത്. സൗദി മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ആണ് ഖിവയിൽ വരുന്നത്.
സൗദിയിലെ പല സ്ഥാപനങ്ങളും സാമ്പത്തികവർഷം ആരംഭിക്കുന്നത് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ്. പുതിയ വർഷത്തിന്റെ തുടക്കത്തിൽ ക്രമീകരണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സേവനം. പുതിയ വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ഫീസിന്റെ വിവരം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലിലെ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെട്ടായിരിക്കും.
തൊഴിലാളികളിൽ 50 ശതമാനം പേരുടെ സേവനവേതന കരാർ ഖിവയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നൽകുന്ന എല്ലാം സേവനങ്ങളും പ്ലാറ്റ്ഫോം നിർത്തലാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കുള്ള സേവനങ്ങളിൽ തൽക്ഷണ വീസ, സേവനങ്ങളുടെ കൈമാറ്റം, പ്രഫഷൻ മാറ്റൽ തുടങ്ങിയവ സാധിക്കാതെയാകും. മൂന്ന് ഘട്ടങ്ങളിലായി ഖിവ പ്ലാറ്റ്‌ഫോം വഴി ജീവനക്കാരുടെ കരാറുകൾ ഇലക്‌ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ വ്യവസ്ഥ.
80 ശതമാനം ജീവനക്കാരുടെയും തൊഴിൽക്കരാർ ഖിവയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ മന്ത്രാലയം ഖിവ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും പുതിയ ‘അജീർ’ പ്രോഗ്രാം താൽക്കാലിക ജോലികൾ സംഘടിപ്പിക്കുന്നതിനും അതിലേക്ക് തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിനും സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല