1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2017

 

 

സ്വന്തം ലേഖകന്‍: ഭീകരര്‍ക്കായി വലവിരിച്ച് സൗദി രഹസ്യ പോലീസ്, വലയില്‍ കുരുങ്ങിയത് 18 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. ഭീകര വിരുദ്ധ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രവശ്യകളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക, മദീന, റിയാദ്, അല്‍ ഖസീം എന്നീ പ്രവിശ്യകളിലാണ് വ്യാപകമായ പരിശോധന നടത്തിയത്. നാലു ഭീകര സംഘങ്ങളാണ് പിടിയിലായതെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

പിടിയിലായവരില്‍ 15 സൗദികളും, രണ്ട് യമനികളും, ഒരു സുഡാനിയുമുണ്ട്. വന്‍ ആയുധ ശേഖരവും ഭീകരുരുടെ പക്കല്‍ നിന്നും കണ്ടെത്തി. തോക്കുകളും, കത്തികളും 20 ലക്ഷത്തിലേറെ റിയാലും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയ വ്യക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ബോംബ് നിര്‍മ്മാണം, ഭീകരരെ ഒളിപ്പിക്കല്‍, ഇവര്‍ക്ക് സഹായം ചെയ്തുകൊടുക്കല്‍, ഐഎസിലേക്ക് ആളുകളെ ചേര്‍ക്കല്‍, വിദേശത്തുള്ള ഭീകരര്‍ക്കുവേണ്ടി ആക്രമണ ലക്ഷ്യങ്ങള്‍ തെരെഞ്ഞെടുത്തു നിരീക്ഷിക്കുക എന്നിവയായിരുന്നു പിടിയിലായ ഭീകരര്‍ ചെയ്തിരുന്നത്.

ഗള്‍ഫ് മേഖലയില്‍ യുഎഇക്ക് ശേഷം ഭീകര വിരുദ്ധ നിലപാട് ശക്തമാക്കുന്ന രാജ്യമാണ് സൗദി. കഴിഞ്ഞ നാല് മാസത്തിനിടെ 39000 ലധികം പാകിസ്താനികളെയാണ് സൗദിയില്‍ നിന്ന് നാടുകടത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് സൗദി അറേബ്യ ഇത്രയും പാകിസ്താന്‍കാരെ നാടുകടത്തുന്നത്. സൗദിയില്‍ നിരവധി തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് വേണ്ടിയുള്ള പണം ഒഴുകുകയോ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.

പാകിസ്താനികള്‍ അടക്കമുള്ള ഭീകരതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ സൗദിയിലെത്തുന്നതിന് മുമ്പ് കര്‍ശനമായ പരിശോധന വേണമെന്ന് സൗദി അറേബ്യന്‍ ശൂറാ കൗണ്‍സിലിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ചെയര്‍മാന്‍ അബ്ദുല്ലാ അല്‍ സദൗന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ ജനതയുമായുള്ള പാകിസ്താനികളുടെ ബന്ധമാണ് സൗദിക്ക് ഇത്തരം സംശയത്തിന് ഇടയാക്കുന്നത്. നിരവധി താലിബാന്‍ നേതാക്കള്‍ക്ക് പാകിസ്താനില്‍ നല്ല സ്വാധീനവുമുണ്ടെന്നും അബ്ദുല്ല പറയുന്നു.

1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങളിലൊന്നാണ് സൗദി. എന്നാല്‍ സൗദിയുടെ താലിബാനോടും ഭീകരതയോടുമുള്ള നിലപാടില്‍ മാറ്റം വന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായുള്ള ഭീകരവാദ ആക്രമണങ്ങളും സുഹൃത്തുക്കളായ ഇന്ത്യയിലും അമേരിക്കയിലും നടന്ന അധികാര മാറ്റങ്ങളുമാണ് സൗദിയുടെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് സൂചന. എണ്ണ വില തകര്‍ച്ചയിലുണ്ടായ ഇടിവും അതുമൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും രാജ്യത്തെ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നയിക്കുകയാണെന്നും ചിലര്‍ വാദിക്കുന്നു.

ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അറസ്റ്റിലായ 82 പാകിസ്താനികള്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജയിലുകളില്‍ ഉണ്ടെന്ന് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്യുന്നു. ജിദ്ദയിലെ അല്‍ ഹസ്രത്തിലും അല്‍ നസീമിലുമുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തത്. ഈ 15 പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ജിദ്ദയിലെ അല്‍ ജൗഹറ സ്റ്റേഡിയത്തിനടുത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമണശ്രമം സൗദി പോലിസ് തകര്‍ത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.