1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ (ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും ജോലിസ്ഥലം 14 ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

അടുത്ത ഞായറാഴ്ച (ഒക്ടോബര്‍ 15) മുതലാണ് ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ പിഴ സമ്പ്രദായം പ്രാബല്യത്തില്‍ വരിക. പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങുന്നത് ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. ഫീല്‍ഡ് പരിശോധനാ സമയത്ത് തൊഴിലാളികള്‍ രക്ഷപ്പെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും മുന്നറിയിപ്പ് നോട്ടീസ് ഒന്നും നല്‍കാതെ തന്നെ പിഴ ചുമത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

നിയമലംഘനത്തിന്റെ പേരില്‍ സ്ഥാപനം അടച്ചുപൂട്ടിയതായി അറിയിച്ച് പ്രവേശന കവാടത്തിലോ മറ്റോ അധികാരികള്‍ പതിക്കുന്ന നോട്ടീസ് നീക്കംചെയ്യുകയോ ഔദ്യോഗിക അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുകയോ ചെയ്യുന്നത് 40,000 റിയാലാണ് പിഴ ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ജോലിസ്ഥലത്തിനകത്തുള്ള മുറികളിലേക്ക് പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും ഗുരുതരമായ നിയമലംഘനത്തില്‍ പെടുത്തിയിട്ടുണ്ട്. 10,000 റിയാലാണ് ഇതിനുള്ള പിഴ ശിക്ഷ.

തക്കതായ കാരണമില്ലാതെ ഒരു ഉത്പന്നമോ സേവനമോ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഗുരുതരമായ നിയമലംഘനത്തില്‍ പെടുത്തി. ഇത് ശ്രദ്ധയില്‍പെട്ടാല്‍ പ്രാഥമിക മുന്നറിയിപ്പ് നല്‍കണം. സ്ഥാപനത്തിന് വീഴ്ച പരിഹരിക്കാന്‍ 14 ദിവസത്തെ സമയപരിധി നല്‍കുകയും നിയമം പാലിച്ചില്ലെങ്കില്‍ 3,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും.

രാജ്യത്തെ തൊഴില്‍ വിപണി നിയമാനുസൃതമാക്കുന്നതിനും അനധികൃതമായി തൊഴില്‍ ചെയ്യുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനും സമീപമാസങ്ങളിലായി സൗദി അധികാരികള്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇഖാമ, തൊഴില്‍ നിയമലംഘകരായ ആയിരക്കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ പ്രവാസികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2023ലെ ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ 1.7 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായാണ് കുറഞ്ഞത്. സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.