സ്വന്തം ലേഖകൻ: മെച്ചപ്പെട്ട തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നത് തടയുകയെന്ന ദുഷ്ടലാക്കോടെ എക്സിറ്റ് നല്‍കാതെ ദുരിതത്തിലാക്കുന്ന സ്പോണ്‍സര്‍മാര്‍ക്ക് കനത്ത തിരിച്ചടിയായി എക്‌സിറ്റ്-റീ എന്‍ട്രി നിയമ ഭേദഗതി പ്രാബല്യത്തില്‍. റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വീസ സ്റ്റാമ്പ് ചെയ്യില്ലെന്ന നിയമം എടുത്തുകളഞ്ഞതോടെ ഈ വിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍ വീസ അനുവദിച്ചു തുടങ്ങി.
റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷ കാലാവധി പരിഗണിക്കാതെ മുംബൈ സൗദി കോണ്‍സുലേറ്റ് വീസ അപേക്ഷ സ്വീകരിച്ചുതുടങ്ങിയെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. റീ എന്‍ട്രി വീസയില്‍ നാട്ടിലെത്തി പലവിധ കാരണങ്ങളാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ മടങ്ങാത്ത പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണിത്. റീ എന്‍ട്രിയില്‍ വന്നവരുടെ പാസ്‌പോര്‍ട്ടില്‍ പുതിയ വീസ സ്റ്റാമ്പ് ചെയ്യാന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്ന രേഖകളൊന്നും കോണ്‍സുലേറ്റ് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല.
റീ എന്‍ട്രിയില്‍ വന്നവര്‍ പഴയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ സ്‌പോണ്‍സറുടെ കീഴിലോ പുതിയ വീസക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇത്രയും കാലം പഴയ ജവാസാത്ത് രേഖകളുടെ പ്രിന്റൗട്ട് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ കടന്നുപോവേണ്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്.
വീസ നല്‍കി കൊണ്ടുവന്ന തൊഴിലാളി ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ അവധിക്ക് പോയി തിരിച്ചുവരാതിരിക്കുകയോ ചെയ്യുമ്പോള്‍ തൊഴിലുടമയ്ക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം, സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രശ്‌നം എന്നിവ ഒഴിവാക്കാനാണ് റീ എന്‍ട്രി നിയമത്തില്‍ മൂന്നു വര്‍ഷ നിബന്ധന വച്ചതെങ്കിലും പലപ്പോഴും ഈ നിയമം തൊഴിലുടമകള്‍ ചൂഷണം ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു റി എന്‍ട്രി വീസയില്‍ പോയി മടങ്ങാത്തവര്‍ക്ക് നിലവിലുണ്ടായിരുന്ന മൂന്ന് വര്‍ഷ വിലക്ക് ജവാസാത്ത് ഒഴിവാക്കിയത്.
കൂടുതല്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് മാറുന്നത് തടയുന്നതിനും തൊഴിലുടമകള്‍ റീ എന്‍ട്രി നിയമം ഉപയോഗപ്പെടുത്തിയിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാതിരിക്കുകയും ഫൈനല്‍ എക്‌സിറ്റ് നല്‍കാതിരിക്കുകയുമാണ് ചെയ്തിരുന്നത്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ചാല്‍ പുതിയ വീസയില്‍ എപ്പോള്‍ വേണമെങ്കിലും സൗദിയിലേക്ക് വാരാം.
റീ എന്‍ട്രിയില്‍ പോയവര്‍ അവധി കഴിയുന്നതിന് മുമ്പ് വന്നില്ലെങ്കില്‍ മൂന്നു വര്‍ഷം സൗദിയില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു. കൊവിഡ്-19 രൂക്ഷമായ കാലത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായത്. തൊഴിലാളി വിദേശത്താണെങ്കിലും ഇഖാമയും വീസയും പുതുക്കാന്‍ സ്‌പോണ്‍സര്‍ക്ക് സാധിക്കുമെങ്കിലും ചില തൊഴിലുടമകള്‍ സഹകരിച്ചിരുന്നില്ല.
ബിസിനസില്‍ തങ്ങളോട് മല്‍സരിക്കുന്ന സ്ഥാപനങ്ങളിലേക്ക് തൊഴിലാളികള്‍ പോവാതിരിക്കാന്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാതിരിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിലുള്ള അസൂയ കാരണം ജോലി ട്രാന്‍സ്ഫര്‍ അനുവദിക്കാത്ത മേലുദ്യോഗസ്ഥര്‍ക്കും പുതിയ നിയമം തിരിച്ചടിയാണ്. നല്ല ജോലി കിട്ടുമ്പോള്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ അല്ലെങ്കില്‍ ട്രാന്‍സ്ഫറിന് പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല