1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2023

സ്വന്തം ലേഖകൻ: എക്‌സിറ്റ്/റീ എന്‍ട്രി വീസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വീസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വീസ ലഭിച്ച പ്രവാസി സൗദിയില്‍ ഇല്ലാത്ത സമയത്താണെങ്കിലും വീസ കാലാവധി ഓണ്‍ലൈനായി നീട്ടാമെന്നും സൗദി ജവാസാത്ത് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്) വ്യക്തമാക്കി.

പ്രവാസികള്‍ക്കുള്ള വീസ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ജവാസാത്ത് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രവാസി അവധിക്ക് നാട്ടില്‍പോയാല്‍ റീ എന്‍ട്രി വീസ കാലാവധിയുടെ അവസാന ദിവസവും സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. റീഎന്‍ട്രി വീസ ഉടമകള്‍ക്ക് സൗദി അറേബ്യക്ക് പുറത്തായിരിക്കുമ്പോള്‍ അബ്ഷിര്‍ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോര്‍ട്ടല്‍ വഴിയോ ഫീസ് അടച്ചതിന് ശേഷം വീസ ഇലക്‌ട്രോണിക് രീതിയില്‍ നീട്ടാനും അവസരമുണ്ട്.

നാട്ടില്‍ പോകുന്ന പ്രവാസിക്ക് എക്‌സിറ്റ്/റീ എന്‍ട്രി വീസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വീസ ലഭിക്കുന്നതിന് കുറഞ്ഞത് 60 ദിവസത്തെ സാധുത ഉണ്ടായിരിക്കണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവാസി അവധിയില്‍ സൗദിയില്‍ നിന്ന് മടങ്ങിയാല്‍ തിരിച്ചെത്താതെ ഫൈനല്‍ എക്‌സിറ്റ് വീസ ലഭിക്കില്ല. അതായത്, പ്രവാസി സൗദിക്ക് പുറത്താണെങ്കില്‍ എക്‌സിറ്റ്/റീഎന്‍ട്രി വീസയെ ഫൈനല്‍ എക്‌സിറ്റ് വീസയാക്കി മാറ്റുന്നത് അനുവദനീയമല്ല.

വിസിറ്റ് വീസയിലെത്തുന്നവര്‍ക്ക് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും അനുമതിയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. വിസിറ്റ് വീസക്കാര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കുകയും ചെയ്യാം. ഹജ്ജ് സീസണില്‍ ഒഴികെ മക്കയിലെത്തി ഉംറ നിര്‍വഹിക്കാനാണ് അനുമതി. ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ താമസ കാലാവധി തീരുന്നതിന് മുമ്പ് സന്ദര്‍ശകര്‍ രാജ്യംവിട്ടില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും. സന്ദര്‍ശകര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമില്ല.

സൗദി പൗരന്‍മാര്‍ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ വിസിറ്റ് വീസയില്‍ ഉംറ തീര്‍ത്ഥാടനത്തിന് കൊണ്ടുവരാനും ഈയിടെ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ വരുന്നവര്‍ക്കും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകള്‍ ഇങ്ങനെ ലഭിക്കും.

പേഴ്‌സണല്‍ വിസിറ്റ് വീസയ്ക്ക് പുറമേ ട്രാന്‍സിറ്റ് വിസിറ്റ് വീസ, ഫാമിലി വിസിറ്റ് വീസ, ഓണ്‍ അറൈവല്‍ വീസ തുടങ്ങിയ വീസകളില്‍ സൗദിയില്‍ എത്തുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാം. 2016ല്‍ ആരംഭിച്ച സൗദി വിഷന്‍-2030 പദ്ധതിയുടെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് വീസ നടപടികള്‍ ഉദാരമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.