സ്വന്തം ലേഖകൻ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർക്ക് നാലുവർഷം വരെ സൗദി അറേബ്യയിൽ സർക്കാർ ഫീസുകളൊന്നുമില്ലാതെ താമസിക്കാൻ അനുവാദം നൽകി മന്ത്രിസഭാ തീരുമാനം. റസിഡൻറ് പെർമിറ്റിന്റേത് ഉൾപ്പടെ എല്ലാ ഫീസുകളും സർക്കാർ വഹിക്കും. നാല് വർഷം വരെ രാജ്യത്ത് തുടരാനും നിലവിൽ നിയമലംഘകരായി കഴിയുന്നവർക്ക് നിയമപദവി ശരിയാക്കാനും അനുവാദം നൽകുന്നതിന് ചൊവ്വാഴ്ച ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
റസിഡൻസി പെർമിറ്റ് (ഇഖാമ), വർക്ക് പെർമിറ്റ്, സ്പോൺസർഷിപ്പ് മാറ്റം, തൊഴിൽ മാറ്റം എന്നിവക്കുള്ള വിവിധ ഫീസുകളും സ്വകാര്യ കമ്പനികളുടെ നടത്തിപ്പിനുള്ള സർക്കാർ ഫീസുമാണ് ഇത്തരം ആളുകൾക്ക് ഒഴിവാക്കി കൊടുക്കുക. രാജ്യത്തെത്തിയതിന് ശേഷം അവരുടെ പദവി ശരിയാക്കുന്ന തീയതി മുതൽ നാല് വർഷത്തേക്കാണ് ഈ ആനുകൂല്യം. ഇതിന് പുറമെ ഈയാളുകളുടെ ആശ്രിതരുടെ മുൻകാലത്തെ പ്രതിമാസ ലെവിയും താമസനിയമ ലംഘനങ്ങവുമായി ബന്ധപ്പെട്ട് മുമ്പ് ചുമത്തിയിട്ടുള്ള എല്ലാ പിഴകളും ഒഴിവാക്കും.
പുണ്യമാസമായ റമദാനിന്‍റെ അവസാന നാളുകളിൽ ദശലക്ഷക്കണക്കിന് തീർഥാടകരെ സ്വീകരിക്കാനും അവർക്ക് സേവനം നൽകാനും കഴിഞ്ഞതിന് യോഗാരംഭത്തിൽ കിരീടാവകാശി ദൈവത്തെ സ്തുതിച്ചു. 2025ൽ ഐക്യരാഷ്ട്രസഭയിലെ സ്ത്രീകളുടെ നില സംബന്ധിച്ച കമ്മിറ്റിയുടെ 69ാമത് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തത് സ്ത്രീകളുടെ അവകാശങ്ങളും ശാക്തീകരണവും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലുള്ള രാജ്യതാൽപ്പര്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ആ മേഖലയിൽ രാജ്യം നേടിയ ഗുണപരമായ നേട്ടങ്ങളുടെ ചുവടുപിടിച്ചാണ് ഇതെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ യുവതീയുവാക്കൾക്ക് കൂടുതൽ ജോലിയും പരിശീലനവും യോഗ്യതകൾ നേടുന്നതിനുള്ള അവസരങ്ങളും നൽകുന്നതിന് രാജ്യം നടത്തുന്ന ശ്രമങ്ങൾ മന്ത്രിസഭ എടുത്തുപറത്തു. ഇതിന്റെ ഫലമായാണ് സൗദി പൗരർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിക്കാൻ കഴിഞ്ഞത്. 2023 നാലാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തിലേക്കാണ് താഴ്ന്നത്.
ചരിത്രസ്ഥലങ്ങൾ സംരക്ഷിക്കുന്നതിലും പുനരുദ്ധരിക്കുന്നതിലും സൗദി കാണിക്കുന്ന താൽപ്പര്യം കൗൺസിൽ ചൂണ്ടിക്കാട്ടി. ജിദ്ദ ചരിത്രമേഖലയിൽ തകർച്ചയുടെ വക്കിലുള്ള 56 കെട്ടിടങ്ങൾ സംരക്ഷിക്കുകയും പുനർനിർമിക്കുകയും ചെയ്തതിന് യോഗം കിരീടാവകാശിയെ പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല