സ്വന്തം ലേഖകന്‍: റമദാന്‍ വ്രതത്തോട് അനുബന്ധിച്ച് 2000 ത്തോളം തടവുകാരെ ജയില്‍ മോചിതരാക്കി സൗദി, വിട്ടയക്കല്‍ തുടരുമെന്ന് സൗദി ഭരണകൂടം. സ്വദേശികളും വിദേശികളും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ജയില്‍ മോചനം അടുത്ത ദിവസങ്ങളിലും തുടരുമെന്നും രാജകാരുണ്യത്തിന് അര്‍ഹരായ എല്ലാ തടവകാരും മോചിതരാവുമെന്നും ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹീം അല്‍ഹംസി പറഞ്ഞു.
സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച രാജ കാരുണ്യത്തിന്റെയും ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ചത്. റംസാന്റെ ആദ്യ ദിവസം 1664 തടവുകാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ നിന്ന് മോചിതരായതായി ഇബ്രാഹീം അല്‍ഹംസി അറിയിച്ചു.
പൊതുകുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട, വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധമില്ലാത്ത തടവുകാരാണ് രാജകാരുണ്യത്തില്‍ മോചിതരാവുക. ഇവര്‍ക്ക് വിധിച്ച പിഴ വിട്ടുവീഴ്ച ചെയ്യുമെന്നും ജയില്‍ മേധാവി പറഞ്ഞു. അല്‍ബാഹയില്‍ 41 തടവുകാര്‍ ശനിയാഴ്ച മോചിതരായതായി മേഖല ജയില്‍ മേധാവി മുഅയ്യിദ് അല്‍ഖഹ്താനി പറഞ്ഞു. താഇഫ് ജയിലില്‍ നിന്ന് 42 പേര്‍ ശനിയാഴ്ച മോചിതരായിട്ടുണ്ട്.
ഇതില്‍ വിദേശികളും ഉള്‍പ്പെടുന്നതായി താഇഫ് ജയില്‍ മേധാവി മിശഅല്‍ ബിന്‍ ഹംദി പറഞ്ഞു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ മാത്രം ശനിയാഴ്ച 86 പേര്‍ ജയില്‍ മോചിതരായിരുന്നു. ഹാഇല്‍ മേഖലയില്‍ ആദ്യ ദിവസം പുറത്തിറങ്ങിയത് 119 തടവുകാരാണ്. രാജകാരുണ്യത്തില്‍ മോചനത്തിന് അര്‍ഹരായവരെ വിട്ടയക്കാനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് മേഖല ജയില്‍ മേധാവി മഹ്മൂദ് അല്‍ഗിഫൈലി പറഞ്ഞു.
കഴിഞ്ഞ ദിവസം ജിദ്ദ ജയിലില്‍ നിന്ന് 2087 തടവുകാരെ മോചിപ്പിച്ചിരുന്നു.
രാജകല്പന പ്രകാരം അര്‍ഹരായ കൂടുതല്‍ തടവുകാരെ കണ്ടെത്തി വിട്ടയക്കുന്നതിന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കേസ് ഫയലുകള്‍ പരിശോധിക്കുന്നത് തുടരുകയാണെന്നും ജയില്‍ വകുപ്പ് മേധാവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല