സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനയും അലവന്‍സുകളും അനുവദിക്കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴില്‍ കരാര്‍ പ്രകാരമാണ് ഇതു രണ്ടും നിശ്ചയിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ മന്ത്രാലയം പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
‘ശമ്പളവും അലവന്‍സുകളും വ്യക്തമാക്കുന്നത് തൊഴില്‍ കരാറിന്റെയോ തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോയുടെയോ അടിസ്ഥാനത്തില്‍ രണ്ട് കക്ഷികളും തമ്മിലുള്ള കരാറിന് വിധേയമാണ്’-സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സൗദിയില്‍ ചെയ്യുന്ന ഒരാള്‍ ഉന്നയിച്ച സംശയത്തിന് നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണം.
ഒമ്പത് വര്‍ഷമായിട്ടും താന്‍ ജോലി ചെയ്യുന്ന കമ്പനി അലവന്‍സുകളോ ശമ്പളമോ വര്‍ധിപ്പിച്ചില്ലെന്ന് ചോദ്യകര്‍ത്താവ് അറിയിച്ചിരുന്നു. അലവന്‍സും ശമ്പള വര്‍ധനയും അനുവദിക്കേണ്ടത് എപ്പോഴാണെന്ന ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നല്‍കിയത്. കമ്പനിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് സംശയം ചോദിച്ചത്.
രാജ്യത്തെ തൊഴില്‍ വിപണി ആകര്‍ഷകവും മത്സരക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സമീപകാലത്തായി തൊഴില്‍ നിയമങ്ങളിലും പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സൗദി അറേബ്യ കാതലായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിവരികയാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും ഭാഗമായി വേതന സുരക്ഷാ നിയമം നടപ്പാക്കി.
കര്‍ക്കശമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളില്‍ നിരവധി ഇളവുകള്‍ വരുത്തി. അവധിയില്‍ പോയി മടങ്ങിവരാത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൂന്നു വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കി. പഴയ തൊഴിലുടമയ്ക്ക് കീഴിലോ പുതിയ സ്‌പോണ്‍സറുടെ കീഴിലെ വീണ്ടും വീസയെടുത്ത് ഏതു സമയത്തും പ്രവേശിക്കാവുന്നതാണ്.
തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുമാണ് രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കിയത്. ഈ കരാര്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. വേതന സുരക്ഷാ നിയമപ്രകാരം ജീവനക്കാരുടെ ശമ്പളം അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇതിന്റെ റിപോര്‍ട്ട് മൂന്ന് മാസത്തിലൊരിക്കല്‍ മന്ത്രാലയത്തിന് ഓണ്‍ലൈനായി സമര്‍പ്പിക്കുകയിം വേണം.
തൊഴില്‍ കരാറുകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ക്വിവ പ്ലാറ്റ്ഫോം വഴിയാണ് ഫയല്‍ ചെയ്യേണ്ടത്. 2023 അവസാനിക്കുമ്പോള്‍ ജീവനക്കാരില്‍ ചുരുങ്ങിയത് 80 ശതമാനം പേരുടെയും തൊഴില്‍ കരാര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2023 ന്റെ ആദ്യ പാദത്തില്‍ 20 ശതമാനവും രണ്ടാം പകുതിയില്‍ 50 ശതമാനവും വര്‍ഷാവസാനത്തോടെ 80 ശതമാനവും നം ജീവനക്കാരുടെ കരാറുകളുടെയും പ്രാമാണീകരണം പൂര്‍ത്തിയാക്കണമെന്നാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
തൊഴിലുടമയുടെ കാരണത്താല്‍ കരാര്‍ പുതുക്കാതെ കാലഹരണപ്പെട്ടാല്‍ സ്‌പോണ്‍സറുടെ അനുവാദമില്ലാതെ പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍മാറ്റം നേടാന്‍ തൊഴിലാളിയെ അനുവദിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല