സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ശമ്പളം ഈ വർഷം ശരാശരി 6 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്. 500 ബില്യൻ ഡോളറിന്‍റെ (1.8 ട്രില്യൻ ദിർഹം) സിറ്റി നിയോം, ചെങ്കടൽ പദ്ധതി, അൽഉല എന്നിവയെല്ലാം സൗദിയിൽ വൻ തോതിലുള്ള തൊഴിലവസരങ്ങൾക്കും ശമ്പള വർധനവിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. തൊഴിൽമേഖലയിലെ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 35 ശതമാനത്തിലെത്തി. ‘സൗദി വിഷൻ 2030’ ലക്ഷ്യമിട്ട 30 ശതമാനം മറികടന്നുള്ള വളർച്ചയാണിതെന്ന് ധനമന്ത്രാലയം ബജറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷവും തൊഴിൽ രംഗത്ത് വനിതാ പങ്കാളിത്തം വർധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിജ്ഞാന കൈമാറ്റം വർധിപ്പിക്കുകയും ലക്ഷ്യമിട്ട് വിദഗ്ധരായ പ്രഫഷനലുകൾക്കും നിക്ഷേപകർക്കുമായി സൗദി അറേബ്യ അഞ്ച് വീസ വിഭാഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഉൽപാദനക്ഷമത, കമ്പനിയുടെ ശമ്പള ബജറ്റ് എന്നിവയെ ആശ്രയിച്ചിരിക്കും ശമ്പള വർധനയെന്നാണ് കൂപ്പർ ഫിച്ച് പഠനം പറയുന്നത്. ഈ പഠനം അനുസരിച്ച്, സർവേയിൽ പങ്കെടുത്ത പകുതിയിലധികം കമ്പനികളും 2024 ൽ ശമ്പളം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു. 2024 ൽ ഏകദേശം 60 ശതമാനം കമ്പനികളും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും 29 ശതമാനം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നും സർവേ കണ്ടെത്തി.
വിഷൻ 2030 ന്‍റെ സാക്ഷാത്കാരത്തിന് അനുസൃതമായി, വൻ പ്രോജക്ടുകളും ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള പുതിയ വ്യവസായങ്ങളുടെ വികസനവും കഴിഞ്ഞ വർഷം തൊഴിലവസരത്തിന് വഴിതെളിയിച്ചിരുന്നു. കൂപ്പർ ഫിച്ച് സർവേയോട് പ്രതികരിച്ച 78 ശതമാനം കമ്പനികളും അവരുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാർഷിക ബോണസ് നൽകാൻ പദ്ധതിയിടുന്നു.
ബോണസ് നൽകാത്ത മിക്ക കമ്പനികളും കൺസ്ട്രക്‌ഷൻ, കൺസൽറ്റിങ് മേഖലകളിലാണ് പ്രവർത്തിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മെച്ചപ്പെട്ട പ്രതിഫലം, ആനുകൂല്യങ്ങൾ, പ്രഫഷനൽ പുരോഗതി അവസരങ്ങൾ എന്നിവയിൽ ആകൃഷ്ടരായി കഴിഞ്ഞ വർഷം നാലിൽ ഒരാൾ വീതം ജോലി മാറി. പ്രതികരിച്ചവരിൽ 84 ശതമാനം പേരും, അതേ വേതനവും എന്നാൽ മികച്ച ആനുകൂല്യങ്ങളും ഉള്ള പുതിയ തസ്തികകളിലേക്കു ജോലി മാറുമെന്ന് അവകാശപ്പെട്ടു.
പേഷ്യന്‍റ് കെയർ ടെക്‌നീഷ്യൻമാർ, ഇൻഫർമേഷൻ സിസ്റ്റം അനലിസ്റ്റുകൾ, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് കോഓർഡിനേറ്റർമാർ, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർമാർ, ഹ്യൂമൻ റിസോഴ്‌സ് ഓപറേഷൻ സ്‌പെഷലിസ്റ്റുകൾ തുടങ്ങിയവ സൗദി അറേബ്യയിൽ അതിവേഗം വളരുന്ന ജോലിമേഖലകളാണെന്ന് ലിങ്ക്ഡ്ഇൻ നടത്തിയ സർവേയിൽ പറയുന്നു. റിക്രൂട്ട്‌മെന്‍റ് സ്പെഷലിസ്റ്റ് മൈക്കൽ പേജിന്‍റെ അഭിപ്രായത്തിൽ സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി സേവനങ്ങളിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല