സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എൻജിനീയറിങ്, ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് സുലൈമാൻ അറിയിച്ചു. സ്വകാര്യ മേഖലയെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതികൾ സംബന്ധിച്ച് മന്ത്രാലയം വ്യാഴാഴ്ച സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുേമ്പാഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് മേഖലയിലെയും സ്വദേശിവത്കരണം വർധിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം ഉടൻ പുറത്തുവിടുമെന്നും വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിൽരംഗത്ത് സ്വദേശിവത്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം 68 ഇന പരിപാടിയും ഇൗ വർഷം 20 ഇന പരിപാടിയും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ആറുലക്ഷത്തോളം സ്വദേശി യുവതി, യുവാക്കൾക്ക് ജോലി നൽകുന്നത് ലക്ഷ്യമാക്കിയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ 3,23,000 പേർക്ക് ജോലി നൽകാൻ ഇതിനകം സാധിച്ചിട്ടുണ്ട്.
എൻജിനീയറിങ്, ആരോഗ്യ മേഖലകളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ ‘സൗദി വിഷൻ 2030’ ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണ തോതിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണമുണ്ടെങ്കിലേ സ്വദേശിവത്കരണത്തിലെഈ ലക്ഷ്യം നേടാനാവൂ എന്നും മന്ത്രി വ്യക്തമാക്കി. സഹമന്ത്രി ഡോ. അബ്ദുല്ല നാസിർ അബൂ സുനയനായും ശിൽപശാലയിൽ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല