സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഈവർഷം മൂന്നാംപാദത്തിൽ 23.59 ശതമാനമായി ഉയർന്നു. ദേശീയ ലേബർ ഒബ്സർവേറ്ററി വിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻപാദത്തേക്കാൾ 0.96 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇതേ കാലയളവിൽ സൗദി തൊഴിലാളികളുടെ എണ്ണം 60,000 ത്തോളം വർധിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ സ്വദേശികളായ രണ്ടുലക്ഷത്തിലധികം യുവാക്കൾക്കും യുവതികൾക്കും സഹായം നൽകിയതായി മാനവ വിഭവശേഷി വികസന നിധി (ഹദഫ്) അധികൃതർ അറിയിച്ചു. ഈ വർഷം ആരംഭം മുതൽ മൂന്നാം പാദത്തിെൻറ അവസാനം വരെയുള്ള കണക്കാണിത്. തൊഴിൽ സഹായ സേവനങ്ങളിലൂടെയും ദേശീയ കേഡറുകളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളിലൂടെയുമാണ് ഇത്രയും പേർക്ക് സഹായം നൽകിയത്.
ഇതേ കാലയളവിൽ തൊഴിൽ സഹായത്തിനുള്ള വിവിധ സേവനങ്ങളുടെയും പ്രോഗ്രാമുകളുടെയും ഗുണഭോക്താക്കളായ പുരുഷന്മാരുടെ എണ്ണം 81,000 ആണെന്നും സ്ത്രീകളുടേത് 1,20,000 ആണെന്നും ഹദഫ് അധികൃതർ പറഞ്ഞു. രാജ്യത്തെ പൗരന്മാരെ തൊഴിൽ വിപണിയിൽ അവസരങ്ങൾ നേടാൻ പ്രാപ്തരാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ പങ്കാളികളുമായി ശ്രമങ്ങൾ നടത്തുകയും അതു കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നതിനാണ് ഹദഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതോടൊപ്പം സ്വദേശികളായ തൊഴിലന്വേഷകർക്ക് വേണ്ട പിന്തുണ നൽകുന്നു. ശാക്തീകരണ പരിപാടികളും സംരംഭങ്ങളും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും ആവശ്യകതകളും കണ്ടറിഞ്ഞ് പുതിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടരുന്നതായും ഹദഫ് അധികൃതർ വ്യക്തമാക്കി.
പരിശീലനം, തൊഴിൽ ലഭ്യമാക്കൽ, ശാക്തീകരണം എന്നിവയെ പിന്തുണക്കുന്നതിനും സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമുള്ള സംരംഭങ്ങളും പരിപാടികളും നടത്തുന്നുണ്ട്. ജോബ് സപ്പോർട്ട് പ്രോഗ്രാം, തൊഴിൽ പരിശീലന പരിപാടി (തംഹീർ), ഗതാഗത സൗകര്യ പദ്ധതി, പ്രഫഷനൽ സർട്ടിഫിക്കേഷൻ സപ്പോർട്ട് പ്രോഗ്രാം, വർക്കിങ് വിമൻസ് ട്രാൻസ്പോർട്ട് സപ്പോർട്ട് പ്രോഗ്രാം (വുസൂൽ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചൈൽഡ് കെയർ പ്രോഗ്രാം (ഖുറ), പാർട്ണർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് സപ്പോർട്ട് പ്രോഗ്രാം, ദേശീയ ഇ-ട്രെയിനിങ് പ്ലാറ്റ്ഫോം (ദുറൂബ്), തൊഴിലധിഷ്ഠിത വികസനവും വിദ്യാഭ്യാസ പോർട്ടലും (സുബ്ൽ), തൊഴിൽ വിപണിയിലെ നിരവധി മേഖലകളെ പ്രാദേശികവത്കരിക്കാനുള്ള മറ്റു പിന്തുണാ സംരംഭങ്ങൾ എന്നിവ നടപ്പാക്കിവരുന്ന പദ്ധതികളിലുൾപ്പെടും.
വിഷൻ 2030ന് അനുസൃതമായി തൊഴിൽ വിപണിക്ക് ആവശ്യമായ വിവിധ തൊഴിലുകളിലും പ്രവർത്തനങ്ങളിലും പുരുഷന്മാരും സ്ത്രീകളുമായ സ്വദേശികൾക്ക് പരിശീലനം, തൊഴിൽ, ശാക്തീകരണം എന്നിവ വികസിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും രാജ്യത്തുടനീളമുള്ള ഹദഫ് ശാഖകളും കേന്ദ്രങ്ങളും നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും ഹദഫ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല