സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൗദി അറേബ്യൻ റിയൽ എസ്റ്റേറ്റ് അതോറിറ്റി, മാനവവിഭവ ശേഷി ഫണ്ട് ‘ഹദഫി’െൻറ സഹകരണത്തോടെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ജോലി തേടുന്നവരിൽനിന്ന് 11,200 പേർക്ക് പരിശീലനവും തൊഴിലും നൽകി റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്വദേശികളായവരുടെ മാനവവിഭവശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വദേശികളായ തൊഴിലാളികളെ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുക, സ്വകാര്യ മേഖലയിലെ സുപ്രധാന ജോലികളിൽ അവരെ നിയോഗിക്കുക, തൊഴിലന്വേഷകരുടെ കഴിവുകൾ വളർത്തുക, തൊഴിലവസരങ്ങൾ നൽകി അവരെ ശാക്തീകരിക്കുക, തൊഴിൽ സ്ഥിരതക്ക് വേണ്ട സഹായങ്ങൾ നൽകുക തുടങ്ങിയവ നടപ്പാക്കാൻ പോകുന്ന പദ്ധതികളിൽ ഉൾപ്പെടും.
മാനവവിഭവശേഷി ഫണ്ടും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയും തമ്മിലുണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തിലാണ് തൊഴിൽ നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. റിയൽ എസ്റ്റേറ്റ് തൊഴിൽ പരിശീലന കേന്ദ്രമൊരുക്കുക, പരിശീലന പാക്കേജുകളും പരിപാടികളും നടപ്പാക്കുക എന്നിവ കരാറിലുൾപ്പെടും.
ജോയൻറ് റിയൽ എസ്റ്റേറ്റ് മാനേജർ, ഫെസിലിറ്റി മാനേജർ, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, മാർക്കറ്റിങ് സ്പെഷലിസ്റ്റ് എന്നീ ജോലികളിലാണ് പരിശീലനം നൽകുക. സ്വദേശിവത്കരണം ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് അതോറിറ്റിയും ഫണ്ടും ചേർന്ന് ഇങ്ങനെയൊരു പരിപാടി നടപ്പാക്കുന്നത്.
പരിശീലനപരിപാടിയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നതിനും അഭിപ്രായങ്ങൾ അറിയാനും അതോറിറ്റിയും ഫണ്ടും ഒരുമിച്ചു പ്രവർത്തിക്കും. അതോറിറ്റിക്കു കീഴിലെ റിയൽ എസ്റ്റേറ്റ് കേന്ദ്രത്തിൽ 2021, 2022ലുമായി 378 പരിശീലന കോഴ്സുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല