സ്വന്തം ലേഖകൻ: സൗദി സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന് ആരംഭിച്ച ‘തൗത്വീൻ’ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്ന 1,30,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകാനാണ് രണ്ടാം പതിപ്പിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്സ്, വ്യവസായം, വാണിജ്യം, റിയൽ എസ്റ്റേറ്റ്-കെട്ടിട നിർമാണം എന്നീ ആറ് മേഖലയിൽ 5,000 റിയാലിൽ കുറയാത്ത ശമ്പളത്തിൽ തൊഴിലവസരങ്ങൾ ഒരുക്കാനാണ് പദ്ധതി.
സ്വകാര്യ ടൂറിസം മേഖലയിൽ 30,000 ഉം നിർമാണ-റിയൽ എസ്റ്റേറ്റ് മേഖലയിൽ 20,000 ഉം വ്യവസായിക മേഖലയിൽ 25,000 ഉം ഗതാഗത ലോജിസ്റ്റിക് മേഖലയിൽ 20,000 ഉം ആരോഗ്യ മേഖലയിൽ 20,000 ഉം വ്യാപാരമേഖലയിൽ 15,000 ഉം പേർക്ക് തൊഴിൽ നൽകും. വൻകിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാർ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേർന്ന് നിരവധി ജോലികളിൽ സ്വദേശികളെ നിയോഗിക്കാൻ നടപടിയുണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിെൻറ മേൽനോട്ടം കൺസൾട്ടിങ് സ്ഥാപനങ്ങൾക്ക് നൽകും. പരിപാടിയുടെ നേട്ടം ഉറപ്പാക്കിക്കൊണ്ട് കൺസൾട്ടിങ് സ്ഥാപനങ്ങളായിരിക്കും അതിെൻറ പൂർണ മേൽനോട്ടം വഹിക്കുക.
സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങളിൽ നിയോഗിക്കുക എന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് ‘തൗത്വീൻ’ എന്ന പേരിൽ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്. 2021 അവസാനിക്കും മുമ്പ് ജോലി അന്വേഷിക്കുന്ന 1,15,000 പൗരന്മാർക്ക് രാജ്യത്തിലെ വിവിധ മേഖലകളിൽ വിവിധതലങ്ങളിൽ ജോലി നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2021 അവസാനിക്കുന്നതിന് മുമ്പ് പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ മന്ത്രാലയത്തിന് സാധിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ വർഷം പദ്ധതിയുടെ രണ്ടാംപതിപ്പ് ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ തൊഴിലന്വേഷകരായ 1,30,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിക്കാനിടയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല