സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിലധികമാണ് പ്രവാസികളെന്നും 2023ലെ മൂന്നാംപാദത്തില്‍ വിദേശികളടക്കം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 5.1 ശതമാനത്തിലെത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ട്.
രാജ്യത്ത് കഴിഞ്ഞ കുറച്ചുകാലങ്ങളായി തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം മൂന്നാംപാദം അവസാനിച്ചത് വരെയുള്ള കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം രണ്ടാംപാദത്തിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ മൂന്നാംപാദത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോള്‍ തൊഴിലില്ലായ്മ കുറഞ്ഞതായും കാണാം. സൗദി പൗരന്മാരും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദത്തില്‍ 5.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.8 ശതമാനമായിരുന്നു.
സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ മൂന്നാം പാദത്തില്‍ 8.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ പാദത്തില്‍ ഇത് 8.3 ശതമാനമായിരുന്നു. അതേസമയം, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 9.9 ശതമാനത്തേക്കാള്‍ കുറവാണെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി വനിതകള്‍ കൂടുതലായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ സഹായിക്കുന്നത്. സൗദി വനിതകളിലെ തൊഴിലില്ലായ്മ ഈ വര്‍ഷം മൂന്നാംപാദത്തില്‍ 13.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇത് 16.6 ശതമാനമായിരുന്നു.
സ്വദേശികളില്‍ 15-24 പ്രായക്കാരിലെ തൊഴിലില്ലായ്മ 13.6 ശതമാനമായും സ്ത്രീകളില്‍ 25.3 ശതമാനമായും തുടരുകയാണ്. മൊത്തം യുവാക്കളുടെ തൊഴിലില്ലായ്മ മുന്‍ പാദത്തിലെ 17 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായി ഉയര്‍ന്നു. 24 നും 54 നും ഇടയില്‍ പ്രായമുള്ള പൗരന്മാരുടെ തൊഴിലില്ലായ്മ 7.9 ശതമാനമാണ്. മുന്‍ പാദത്തിലെ 7.5 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെറിയ വര്‍ധനയാണിത്.
സൗദി പൗരന്മാരുടെ മൊത്തത്തിലുള്ള തൊഴില്‍ വിപണി പങ്കാളിത്ത നിരക്ക് രണ്ടാം പാദത്തില്‍ 51.7 ശതമാനത്തില്‍ നിന്ന് 51.6 ശതമാനമായി കുറഞ്ഞു. സൗദി വനിതകളുടെ തൊഴിലില്ലായ്മ രണ്ടാം പാദത്തിലെ 15.7 ശതമാനത്തില്‍ നിന്ന് 16.3 ശതമാനമായി. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നല്ല പുരോഗതിയുണ്ട്. മുന്‍ വര്‍ഷം ഇതേസമയം തൊഴിലില്ലായ്മ 20.5 ശതമാനമായിരുന്നു.
എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിനാല്‍ സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ മൂന്നാം പാദത്തില്‍ 4.5% ചുരുങ്ങി. എണ്ണയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിച്ചുവരികയാണ് സൗദി. സൗദി പൗരന്മാരില്‍ 60 ശതമാനത്തിലധികം പേരും 30 വയസ്സിന് താഴെയുള്ളവരാണ്.
ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ടൂറിസം, വാണിജ്യം പോലുള്ള മേഖലകള്‍ ശക്തിപ്പെടുത്തി രാജ്യത്ത് തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല