1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2023

സ്വന്തം ലേഖകൻ: തിരഞ്ഞെടുക്കപ്പെട്ട പാഠ്യവിഷയങ്ങളിലെ അധ്യാപക തസ്തികകളില്‍ പകുതി സൗദി പൗരന്‍മാര്‍ക്കായി നീക്കിവയ്ക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. അടുത്ത അധ്യയനം വര്‍ഷം മുതല്‍ വീസ അനുവദിക്കുന്നതും നിലവിള്ളവരുടെ ഇഖാമ പുതുക്കുന്നതും നിര്‍ത്തിവയ്ക്കും. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളെല്ലാം നിര്‍ത്തിവയ്ക്കും.

സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ്, എലിമെന്ററി സ്‌കൂകളുകള്‍ക്ക് നിയമം ബാധകമാണ്. അറബി, ഇസ്‌ലാമിക് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇത് പാലിക്കാത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ അഞ്ച് തരത്തിലുള്ള നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുക.

ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എന്നിവയും തടഞ്ഞുവയ്ക്കും. സ്‌കൂളിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുന്നതും വിലക്കും.

സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച തസ്തികകളില്‍ വിദേശികള്‍ ജോലിചെയ്യുന്നത് നിയമവിരുദ്ധമാണ്. മറ്റു പ്രൊഫഷനുകളിലുള്ളവര്‍ ഈ ജോലികള്‍ ചെയ്യുന്നതും അനുവദനീയമല്ല. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കും.

സൗദിവല്‍ക്കരണം വിജയിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങളും പദ്ധതികളും ഉപയോഗപ്പെടുത്താം. പുതുതായി നിയമിക്കപ്പെടുന്ന സ്വദേശി അധ്യാപകരുടെ വേതനം നിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍ നല്‍കും. സ്വദേശി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ സഹായിക്കുകയും യോഗ്യരായവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ഈ മേഖലയിലേക്ക് ആവശ്യമായ നൈപുണ്യമുള്ളവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായം നല്‍കും.

തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ ഹദ്ഫ് വിഭാഗം ആണ് സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനവും ജോലി കണ്ടെത്താനുള്ള സഹായങ്ങളും നല്‍കുന്നത്. മറ്റു മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയപ്പോഴും ഇതേ മാതൃകയില്‍ നിരവധി സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.