സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ വേനലവധി അവസാനിക്കുന്നു, സ്‌കൂളുകളില്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍. സൗദി ദേശീയ ദിനമായ സെപ്തംബര്‍ 23 ന് ശേഷമേ സ്‌കൂളുകള്‍ തുറക്കുകയുളളൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ക്ലാസുകള്‍ നാളെത്തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വദേശി വിദ്യാലയങ്ങളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈദുല്‍ ഫിത്തറും ഈദുല്‍ അദ്ഹയും ഓണവും നാട്ടില്‍ ആഘോഷിച്ച ശേഷമാണ് ഇന്ത്യന്‍ അധ്യാപകരും വിദ്യാര്‍ത്ഥി വീണ്ടും സ്‌കൂളുകളിലെത്തുന്നത്. ജൂണ്‍ 18 മുതലാണ് വേനലവധിക്ക് ഇന്ത്യന്‍ സ്‌കൂളുകള്‍ അടച്ചു തുടങ്ങിയത്.
ഹജ്ജ് അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു മാസം സൗദി വിദ്യാഭ്യാസ മന്ത്രാലയം വേനലവധി നല്‍കുന്നത് ആദ്യമായാണ്. വേനലവധിയും ഹജ്ജും അടുത്തു വന്നതോടെ സ്വദേശികളുടെ സ്‌കൂളുകളുടെ അക്കാദമിക് കലണ്ടറും പുന:ക്രമീകരിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനമാണ് നടക്കുന്നത്. എന്നാല്‍ സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ പുതിയ അധ്യയന വര്‍ഷമാണ് ആരംഭിക്കുന്നത്.
ജിദ്ദ, ദമാം, റിയാദ് എന്നീ പ്രവിശ്യകളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒക്ടോബര്‍ രണ്ടു മുതല്‍ സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ തുടങ്ങും. സ്വകാര്യ സ്‌കൂളുകളില്‍ കെ.ജി ക്ലാസ്സുകളിലേക്കുളള പ്രവേശനവും നാളെ മുതല്‍ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല