സ്വന്തം ലേഖകൻ: സൗദിയില്‍ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2024 മാര്‍ച്ച് ഒന്നിന് മുമ്പ് രേഖകളില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം. ഉപയോഗശൂന്യമായതും പഴകിയതുമായ വാഹനങ്ങള്‍ അബ്ഷിര്‍ പ്ലാറ്റ് ഫോം വഴി രേഖകളില്‍നിന്ന് നീക്കണമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ഒന്നിനുള്ളില്‍ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ സാമ്പത്തിക ബാധ്യതകളുണ്ടാകില്ലെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
അബ്ഷിറില്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് പ്രവേശിച്ച ശേഷം വ്യക്തിഗത സേവനങ്ങളുടെ വിഭാഗത്തില്‍ വാഹനങ്ങള്‍ രേഖകളില്‍ നിന്ന് നീക്കാനുള്ള പ്രത്യേക വിന്‍ഡോ ഓപണ്‍ ചെയ്താണ് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. വാഹനവും നമ്പര്‍ പ്ലേറ്റും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോള്‍ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒടിപി മൊബൈലില്‍ വരും. ഇത് കേന്ദ്രത്തിന് കൈമാറുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക.
അതിനിടെ നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കുഴപ്പങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് തലാല്‍ അല്‍ഷല്‍ഹൂബ് മുന്നറിയിപ്പ് നല്കി.
രാജ്യത്തെ സൈബര്‍ നിയമപ്രകാരം കുറ്റകൃത്യം ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. നിയമലംഘനങ്ങളോ കുഴപ്പങ്ങളോ മൊബൈല്‍ ഫോണിലും മറ്റും ചിത്രീകരിക്കുകയാണെങ്കില്‍ അത് പുറത്തുവിടാതെ ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല