1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2024

സ്വന്തം ലേഖകൻ: ഹജ്ജ് – ഉംറ സേവനങ്ങള്‍ക്കുള്ള താത്ക്കാലിക തൊഴില്‍ വീസകളും താത്ക്കാലിക ജോലികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് സൗദി മന്ത്രിസഭാ കൗണ്‍സിലിന്റെ അംഗീകാരം. ഇത് രാജ്യത്ത് കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ വിപണി പ്രദാനം ചെയ്യുന്നതിന് സംഭാവന നല്‍കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയ്ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും തൊഴില്‍ വിപണി ആവശ്യകതകള്‍ക്കും അനുസരിച്ച് താത്ക്കാലിക വീസകളില്‍ നിന്ന് പ്രയോജനം നേടുന്നതിന് പുതിയ നിയമഭേദഗതി കൂടുതല്‍ സൗകര്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കാബിനറ്റ് അംഗീകാരം ലഭിച്ച് 180 ദിവസത്തിന് ശേഷം പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.

ഹിജ്‌റ മാസമായ ശഅബാന്‍ 15 മുതല്‍ മുഹര്‍റം അവസാനം വരെ വീസയുടെ ഗ്രേസ് പിരീഡ് നീട്ടുന്നതിനുള്ള അനുമതിയാണ് ഭേദഗതികളില്‍ പ്രധാനം. സീസണല്‍ തൊഴില്‍ വീസയുടെ പേര് ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വീസ എന്നാക്കി മാറ്റുകയും ചെയ്തു. ഉംറ സീസണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങളിലെ പുതിയ ഭേദഗതികള്‍ വരുത്തിയതെന്ന് സൗദി മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പുതിയ നിയമഭേദഗതി പ്രകാരം ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള പ്രവര്‍ത്തന സംവിധാനങ്ങളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഭരണം ഉറപ്പാക്കുന്നതിനും സുതാര്യത ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ കരാര്‍ നടപടിക്രമങ്ങളും സമയ കാലയളവുകളുടെ വിശദമായ വിശദീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് കക്ഷികളും ഒപ്പിട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധമാണെന്ന് പുതിയ നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.

വീസ അനുവദിക്കുന്നതിന് മുൻപ് അടിസ്ഥാന ആവശ്യകതയായി മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കി. ഇതുപ്രകാരം രണ്ട് കക്ഷികളും ഒപ്പിട്ട തൊഴില്‍ കരാറിന്റെ ഒരു പകര്‍പ്പ് നല്‍കാനും വിദേശത്തുള്ള സൗദി മിഷനുകള്‍ വീസ നല്‍കുന്നതിന് മുന്‍വ്യവസ്ഥയായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കാനും ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്. കരാര്‍ ബന്ധത്തിനുള്ള ഇരു കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പുതിയ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വീസകള്‍ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും ലംഘനങ്ങളോ സമ്പ്രദായങ്ങളോ തടയുക എന്ന ലക്ഷ്യത്തോടെ, പുതുക്കിയ ചട്ടങ്ങളില്‍ വീസനിയമലംഘനങ്ങള്‍ക്ക് പിഴകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താല്‍കാലിക വീസകളുടെ കാലാവധി സമാനമായ 90 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാവകാശം അനുവദിക്കുമെന്നും ഭേദഗതിയില്‍ പറയുന്നു.

32.2 മില്യണ്‍ ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹമാണ് താമസിക്കുന്നത്. രാജ്യം അതിന്റെ തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും അതിന്റെ ആകര്‍ഷണീയതയും മത്സരശേഷിയും വര്‍ധിപ്പിക്കാനും അടുത്ത കാലത്തായി നിരവധി പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരുന്നു.

അതിന്റെ തുടര്‍ച്ചയാണ് പുതിയ നിയമഭേദഗതി. കഴിഞ്ഞ ഓഗസ്റ്റില്‍ കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സൗദി സര്‍ക്കാര്‍ ഗണ്യമായ തൊഴില്‍ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി. 2020ല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം പരിഷ്‌ക്കരിക്കുന്നതിലൂടെ സൗദി അറേബ്യ പ്രധാന തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.